ബംഗളൂരു: ഭാര്യയുടെ എ.ടി.എം കാർഡ് ഉപയോഗിക്കുന്ന ഭർത്താക്കന്മാരുടെ ശ്രദ്ധക്ക്, കാശ് മാത്രമല്ല, ചിലപ്പോൾ മാനവും പോയേക്കാം. എസ്.ബി.െഎ എ.ടി.എം കാർഡാണെങ്കിൽ പ്രത്യേകിച്ചും! ബംഗളൂരുവിലെ വന്ദന, രാജേഷ്കുമാർ ദമ്പതികളുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. ഭാര്യയുടെ എ.ടി.എം കാർഡ് ഭർത്താവ് ഉപയോഗിക്കരുതെന്ന എസ്.ബി.െഎയുടെ വാദം ഉപഭോക്തൃ കോടതിയും അംഗീകരിച്ചതോടെ ഈ ദമ്പതികൾക്ക് 25,000 രൂപ നഷ്ടമായെന്നു മാത്രമല്ല, അഞ്ച് വർഷം നീണ്ട നീതിക്കുവേണ്ടിയുള്ള പോരാട്ടം പരാജയപ്പെടുകയും ചെയ്തു.
സംഭവം ഇങ്ങനെ: 2013 നവംബർ 14നാണ് വന്ദന തെൻറ എ.ടി.എം കാർഡും പിൻ നമ്പറും 25,000 രൂപ പിൻവലിക്കാൻ ഭർത്താവിനെ ഏൽപിച്ചത്. അടുത്തുള്ള എ.ടി.എമ്മിൽ പോയി ഭർത്താവ് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 25,000 പിൻവലിച്ചെന്ന സ്ലിപ് മാത്രമാണ് കിട്ടിയത്. പണം ലഭിച്ചില്ലെന്ന് എസ്.ബി.െഎ കോൾസെൻററിൽ പരാതിപ്പെട്ടപ്പോൾ, എ.ടി.എം തകരാറായിരിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്ന് രാജേഷ്കുമാറിന് മറുപടി കിട്ടി.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല. തുടർന്ന് എസ്.ബി.െഎ യുടെ എച്ച്.എ.എൽ ശാഖയിൽ പരാതി നൽകി. എന്നാൽ, ഇടപാട് നടന്നുവെന്നും ദമ്പതികൾക്ക് പണം കിട്ടിയെന്നും പറഞ്ഞ് എസ്.ബി.െഎ പരാതി മടക്കി. പണം നഷ്ടപ്പെട്ട ദമ്പതികൾ ഏറെ പ്രയാസപ്പെട്ട് ഒടുവിൽ എ.ടി.എമ്മിലെ സി.സി.ടിവി ദൃശ്യങ്ങൾ സംഘടിപ്പിച്ച് വീണ്ടും ബാങ്കിൽ പരാതി നൽകി. ദൃശ്യങ്ങളിൽ രാജേഷിന് പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, ബാങ്ക് നിയോഗിച്ച അന്വേഷണ കമീഷൻ ദൃശ്യങ്ങളിൽ കാർഡ് ഉടമയായ വന്ദന ഇല്ലെന്ന് പറഞ്ഞ് പരാതി വീണ്ടും മടക്കി. ഒടുവിൽ ദമ്പതികൾ ബാങ്കിങ് ഒാംബുഡ്സ്മാന് നൽകിയ പരാതിയിൽ പിൻ നമ്പർ പങ്കുവെച്ചതിനാൽ കേസ് തള്ളുകയാണെന്നാണ് മറുപടി ലഭിച്ചത്.
ഇതിനിടെ വന്ദന വിവരാവകാശ നിയമപ്രകാരം ആ ദിവസത്തെ എ.ടിഎമ്മിലെ കാശ് വെരിഫിക്കേഷൻ റിപ്പോർട്ട് സംഘടിപ്പിച്ചു. അതിൽ എ.ടി.എമ്മിൽ അന്നേദിവസം 25,000 രൂപ അധികമുണ്ടെന്ന് വ്യക്തമായിരുന്നു. തുടർന്ന് ബാംഗ്ലൂർ നാലാം അഡീഷനൽ ഉപഭോക്തൃ പരാതിപരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ ഈ റിപ്പോർട്ട് വന്ദന നൽകിയെങ്കിലും എസ്.ബി.ഐ എതിർക്കുകയും എ.ടി.എമ്മിൽ അധികം കാശില്ലെന്ന മറ്റൊരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് മൂന്നരവർഷം നീണ്ട നിയമ പോരാട്ടത്തിൽ എ.ടി.എം തകരാർ മൂലം നഷ്ടമായ പണം തിരികെ നൽകണമെന്ന് ദമ്പതികൾ വാദിച്ചെങ്കിലും പിൻ നമ്പർ പങ്കുവെച്ചത് നിയമലംഘനമാണെന്ന വാദവുമായി ബാങ്ക് രംഗത്തെത്തി. കൂടാതെ, അന്നത്തെ ഇടപാട് സാങ്കേതികമായി ശരിയായിരുന്നുവെന്നും ദമ്പതികൾക്ക് പണം ലഭിച്ചുവെന്നും വാദിച്ചു. സംഭവം നടക്കുമ്പോൾ താൻ പ്രസവിച്ചു കിടക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് എ.ടി.എമ്മിൽ പോകാൻ കാർഡും രഹസ്യനമ്പറും ഭർത്താവിനെ ഏൽപിച്ചതെന്നും വന്ദന വാദിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ 29 ന് കോടതി വിധി വന്നു. പണം പിൻവലിക്കാൻ എ.ടി.എമ്മും പിൻ നമ്പറും കൈമാറിയത് തെറ്റാണെന്നും ചെക്കോ ഒാതറൈസേഷൻ കത്തോ ആണ് നൽകേണ്ടിയിരുന്നതെന്നും വിധിച്ച് കേസ് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.