ഹൈദരാബാദ്: ഏറ്റുമുട്ടൽ കൊലയെ സമൂഹമാധ്യമങ്ങൾ സ്വീകരിച്ചത് രണ്ടു വിധത്തിൽ. വാർത്ത പുറത്തുവന്ന് മണിക്കൂറിനുള്ളിൽതന്നെ ആയിരക്കണക്കിന് ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും കുത്തൊഴുക്കായിരുന്നു. ‘ഏറ്റുമുട്ടൽ’ നടത്തിയ സൈബറാബാദ് കമീഷണർ വി.സി. സജ്ജനാർക്ക് അനുമോദനങ്ങൾക്കൊപ്പം കടുത്ത ആക്രമണത്തിനും സമൂഹമാധ്യമങ്ങൾ തിരികൊളുത്തി. 2008ലും സജ്ജനാർ സമാനമായ കൊല നടത്തിയിരുന്നുവെന്നാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സജ്ജനാർക്കെതിരെ ഹാഷ് ടാഗ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
ഇരയുടെ കുടുംബത്തിന് ഉടനടി നീതിനേടിക്കൊടുത്ത പൊലീസ് ഓഫിസറായി സജ്ജനാരെ വാഴ്ത്തുന്നതും നന്ദി പറയുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്. ‘ബലാത്സംഗക്കാർ അർഹിക്കുന്നത് വെടിയേറ്റുള്ള മരണമാണ്’, ‘മനുഷ്യാവകാശം മനുഷ്യർക്കുള്ളതാണ്, ക്രൂരന്മാർക്കുള്ളതല്ല’ തുടങ്ങിയ കമൻറുകൾ ആണ് ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കുന്നവർ പോസ്റ്റ് ചെയ്യുന്നത്.
എന്നാൽ, കുറ്റാരോപിതരെ വെടിവെച്ചുകൊല്ലുന്നത് ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ തുറന്നടിച്ചു. നീതി നൽകാനെന്ന പേരിൽ തോന്നിയതുപോലെ അക്രമങ്ങൾ നടത്തുന്നതിന് ഇത് മുതൽകൂട്ടാവുമെന്നും അവർ പറഞ്ഞു. ഏത് ഏറ്റുമുട്ടൽ കൊലയിലും പൊലീസുകാർക്കെതിരെ നിർബന്ധമായും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും വൃന്ദ ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ പേരിൽ കസ്റ്റഡികൊല നടത്തരുതെന്ന്’ പ്രമുഖ വനിത അവകാശ പ്രവർത്തകയായ കവിത കൃഷ്ണൻ പറഞ്ഞു. കസ്റ്റഡി മരണത്തിെൻറ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആക്രമണത്തെ ‘ഏറ്റുമുട്ടൽ കൊല’യെന്ന വസ്ത്രമണിയിച്ച് െകാണ്ടുവന്നിരിക്കുകയാണെന്നും കവിത പ്രതികരിച്ചു. കൊല്ലപ്പെട്ട നാലുപേരും നിരപരാധികളാണെങ്കിൽ യഥാർത്ഥ പ്രതികൾക്ക് പിന്നീടെന്തു സംഭവിക്കാനാണ് എന്ന ചോദ്യമാണ് സുപ്രീംകോടതി അഭിഭാഷക കരുണ നന്ദി ഉന്നയിച്ചത്. ആ നാലു ക്രൂരന്മാരും സ്വതന്ത്രരായി വിലസി കൂടുതൽ സ്ത്രീകളെ കൊലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.