ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ 2019ൽ കൊല്ലപ്പെട്ടത് തെലങ്കാന പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണെന്ന് സുപ്രീംകോടതി അന്വേഷണ സമിതിയുടെ കണ്ടെത്തൽ. പ്രതികളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് പൊലീസ് ബോധപൂർവം വെടിവെക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.എസ്. സിർപുർകർ അധ്യക്ഷനായ മൂന്നംഗ സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആള്‍ക്കൂട്ട കൊലപാതകംപോലെ, പ്രതികളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കാവൂ. സംഭവത്തില്‍ ഉള്‍പ്പെട്ട 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും നിയമ നടപടി സീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തു. പ്രതികളിൽ മൂന്നുപേർ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്നും അന്വേഷണം സംഘം ചൂണ്ടിക്കാട്ടി.
കേസിന്‍റെ തുടർനടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തെലങ്കാന ഹൈകോടതിക്ക് നിർദേശം നൽകി. റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കണമെന്ന തെലങ്കാന സര്‍ക്കാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ടിന്‍റെ കോപ്പി ഹരജിക്കാർക്ക് നൽകാൻ കോടതി അനുവാദം നൽകി.
2019 നവംബർ 27ന് രാത്രിയാണ് ദിശ എന്ന യുവതി (ഇരക്ക് പൊലീസ് നൽകിയ പേര്) ക്രൂരമായി കൊല്ലപ്പെട്ടത്. അടുത്തദിവസം രാവിലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ശംഷാബാദിലെ ടോൾ ഗേറ്റിന് അടുത്തുവെച്ച് സ്കൂട്ടർ കേടായി കുടുങ്ങിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദേശീയ പാതയോരത്തെ വിജനപ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു. പിറ്റേന്നുതന്നെ നാലുപേരും അറസ്റ്റിലായി.
കേസിൽ പൊലീസ് വീഴ്ച സംബന്ധിച്ച് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പ്രതികൾ കൊല്ലപ്പെട്ടത്. ഇതോടെ, പൊതുബോധ മനസ്സ് പൊലീസിന് അനുകൂലമായി. ഏറ്റുമുട്ടലിൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചതോടെ ഡിസംബർ 12ന് ജുഡീഷ്യൽ അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
2019 ഡിസംബർ ആറിനാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഹൈദരാബാദിനടുത്തുള്ള ദേശീയപാത 44ൽ വെച്ച് തെളിവെടുപ്പിനിടെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചു എന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതേ ദേശീയപാതയിലാണ് നവംബർ 27ന് ഡോക്ടർ ബലാത്സംഗത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.