ഹൈദരാബാദ്: ഹൈദരാബാദിലെ പബുകളിൽ രാത്രി 10ന് ശേഷം ഉച്ച ഭാഷിണിയിലൂടെ പാട്ടുവെക്കരുതെന്ന് തെലങ്കാന ഹൈകോടതി. രാത്രിയിൽ പബുകളിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുവെക്കുന്നതിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് ഹൈകോടതിയുടെ നിർദേശം.
എങ്ങനെയാണ് ജനവാസകേന്ദ്രങ്ങളിലും സ്കൂളുകൾക്കടുത്തും പബുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. ഹരജികൾക്ക് മറുപടിനൽകാൻ എക്സൈസ് വകുപ്പിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
രാത്രി 10 മുതൽ പുലർച്ചെ ആറുവരെ പബുകളിൽ ശബ്ദസംവിധാനങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. വിഷയത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഹൈദരാബാദ്, സൈബരാബാദ്, രചകൊണ്ട കമ്മീഷണർമാർക്കും ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സിറ്റി പൊലീസ് ആക്ട്, നോയിസ് പൊലൂഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ ആക്ട് എന്നിവ പ്രകാരം നഗരത്തിലെ പബുകളിൽ രാത്രി 10 വരെ മാത്രമേ ഉച്ചഭാഷിണിയിലൂടെ പാട്ടുവെക്കാൻ അനുവാദമുള്ളൂ. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ശബ്ദമലിനീകരണം തടയുന്നതിനായി നിരവധി പദ്ധതികൾ ഹൈദരബാദ് പൊലീസ് ആവിഷ്കരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.