ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം സാരി ബ്ലൗസ് തയ്ച്ചു നൽകാത്തതിന് ഭാര്യ ആത്മഹത്യ ചെയ്തു. 35കാരിയായ വിജയലക്ഷ്മിയെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിജയലക്ഷ്മിയും ഭർത്താവ് ശ്രീനിവാസും രണ്ടു കുട്ടികളും ഹൈദരാബാദിലെ അംബർപേട്ട് പ്രദേശത്തെ ഗോൽനാക തിരുമല നഗറിലാണ് താമസം.
സാരികളുടെയും ബ്ലൗസിന്‍റെയും വിൽപനയാണ് ശ്രീനിവാസിന്. വീട്ടിൽനിന്നുതന്നെ ബ്ലൗസ് തയ്ച്ചു നൽകുകയും ചെയ്യും. കഴിഞ്ഞദിവസം ശ്രീനിവാസ് വിജയലക്ഷ്മിക്കായി ഒരു ബ്ലൗസ് തയ്ച്ചുനൽകിയിരുന്നു. എന്നാൽ അത് വിജയലക്ഷ്മിക്ക് ഇഷ്ടമായില്ല. രണ്ടാമത് ബ്ലൗസ് തയ്ച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും ശ്രീനിവാസ് തയാറായില്ല. ഇതേചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു.
വൈകിട്ട്, കുട്ടികൾ സ്കൂളിൽനിന്ന് തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് കുട്ടികൾ ശ്രീനിവാസിനെ വിവരം അറിയിച്ചു. ശ്രീനിവാസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു വിജയലക്ഷ്മി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.