'135 സീറ്റ് കൊണ്ട് മാത്രം ഞാൻ തൃപ്തനല്ല' -ഡി.കെ ശിവകുമാർ

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 135 സീറ്റ് ലഭിച്ചത് കൊണ്ടു മാത്രം താൻ തൃപ്തനല്ലെന്നും 2024 പാർലമന്റ് തെരഞ്ഞെടുപ്പ് വരെ ഭിന്നതകൾ മാറ്റിവെച്ച് ഊർജസ്വലമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. പ്രവർത്തകർ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും നിർണായക സമയത്ത് ശരിയായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡി.കെ. “ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ 135 സീറ്റിൽ ഞാൻ തൃപ്തനല്ല. നമ്മുടെ ശ്രദ്ധ ശരിയായ ദിശയിലായിരിക്കണം. അതാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ്. ഇനി മുതൽ എല്ലാ വോട്ടെടുപ്പിലും കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം നടത്തണം. നമ്മൾ എല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇതൊരു തുടക്കം മാത്രമാണ്, ഒരു ജയം കൊണ്ട് മടിയൻമാരാകരുത്. ” ഡി.കെ പറഞ്ഞു. പ്രവർത്തകർ ഒരു കാരണവശാലും തന്‍റെ വീട്ടിലോ സിദ്ധരാമയ്യയുടെ വീട്ടിലോ ഒത്തുകൂടരുത്. സംസ്ഥാനത്ത് സമാധാനം നിലനിർത്തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ശക്തമായ ഭരണം നൽകുകയും വേണം. ഏത് നേതാവിന് എന്ത് സംഭവിച്ചാലും പാർട്ടിക്ക് പ്രഥമ പരിഗണന നൽകണം. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ മതിയായ ഫലം മാത്രമേ ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഔദ്യോഗിക പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യക്കും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇവരുടെയും അനുയായികൾ പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്ത് മെയ് 10 ന് നടന്ന തെരഞ്ഞെടുപ്പിൽ 224 സീറ്റിൽ 135 സീറ്റും നേടി കോൺഗ്രസ് വിജയിച്ചിരുന്നു. 20ന് സിദ്ധരമായ്യ മുഖ്യമന്ത്രിയായും ഡി.കെ ഉപമുഖ്യമന്ത്രിയായും സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.