ബംഗളൂരു: താനൊരു ബലിയാടല്ലെന്നും ആദർശത്തിനുവേണ്ടി പൊരുതുന്നയാളാണെന്നും പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി മീര കുമാർ.
ശനിയാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ അവർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കെ.പി.സി.സി ഭവനിൽ നൽകിയ സ്വീകരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ആദർശത്തിനുവേണ്ടി െപാരുതുന്നവർക്കും ധർമത്തിനുവേണ്ടി ശബ്ദമുയർത്തുന്നവർക്കും ബലിയാടാവാനാവില്ല.
ഞാനൊരു പോരാളിയാണ്. ഇൗ പോരാട്ടത്തിൽ എെൻറ കൂടെ പലരും ചേരുമെന്നും എനിക്കുറപ്പുണ്ട് -അവർ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ദലിതർ തമ്മിലെ മത്സരമായാണല്ലോ വിലയിരുത്തുന്നതെന്ന ചോദ്യത്തിന് ഇക്കാലത്തും അങ്ങനെ ചിന്തിക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു മറുപടി. ഉയർന്ന വിദ്യാഭ്യാസമുള്ളവർപോലും ജാതിയുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഉയർന്ന ജാതിയിലുള്ളവർ തമ്മിൽ മത്സരിച്ചപ്പോഴൊന്നും ഇത്തരമൊരു സംസാരം വരാതിരുന്നതെന്താണ്? ജാതിക്കു പകരം അനുഭവവും കഴിവുമാണ് വിലയിരുത്തേണ്ടത്. ഞാനും കോവിന്ദുമായുള്ള മത്സരത്തിൽ ഞങ്ങളുടെ ജാതിയെ കുറിച്ചാണ് ചർച്ചനടക്കുന്നത്. നമ്മൾ ഏതു കാലത്താണ് ജീവിക്കുന്നത്? എങ്ങോട്ടാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്? -അവർ ചോദിച്ചു.
17 പാർട്ടികൾ തന്നെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ഡോ. ജി. പരമേശ്വര, നേതാക്കളായ ദിനേശ് ഗുണ്ടുറാവു, രാമലിംഗ റെഡ്ഡി, ഉമശ്രീ, എച്ച്. ആഞ്ജനേയ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
കോൺഗ്രസ് നേതാക്കളുമായി കെ.പി.സി.സി ഒാഫിസിൽ ചർച്ച നടത്തിയ മീര കുമാർ മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുമായും കൂടിക്കാഴ്ച നടത്തി പാർട്ടി പിന്തുണ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.