ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും രൂക്ഷമായ മത്സരം നടക്കുന്ന നന്ദിഗ്രാമിലെ പ്രചാരണ പരിപാടി മുഖ്യമന്ത്രി അവസാനിപ്പിച്ചത് േഗാത്ര കാർഡ് പുറത്തെടുത്ത്. മമതയെ മുസ്ലീം പക്ഷപാതിയായി ചിത്രീകരിച്ച് ഹിന്ദു വോട്ടുകൾ സമാഹരിക്കാനുള്ള ബി.ജെ.പി നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് സവർണ ഹിന്ദു അസ്ഥിത്വം തുറന്നു പറഞ്ഞുള്ള മമതയുടെ പ്രസംഗം.
''ഞാനൊരു ക്ഷേത്രം സന്ദർശിച്ചപ്പോൾ പൂജാരി എന്‍റെ ഗോത്രമേതെന്ന് ചോദിച്ചു. മാതാവ്, മാതൃഭൂമി, മനുഷ്യർ എന്നാണെങ്കിലും യഥാർഥത്തിൽ ഞാനൊരു ഷണ്ഡില്യയാണെന്ന് ഞാൻ പറഞ്ഞു''- നന്ദിഗ്രാമിലെ പ്രചരണം അവസാനിപ്പിച്ചുള്ള പ്രസംഗത്തിൽ മമത പറഞ്ഞു. (മാതാവ്, മാതൃഭുമി, മനുഷ്യർ എന്നത് തൃണമൂലിന്‍റെ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു.)
എട്ട് ഉയർന്ന ബ്രാഹ്മണ ഗോത്രങ്ങളിൽ ഉൾപെട്ടതാണ് ഷണ്ഡില്യ. തന്‍റെ സവർണ അസ്ഥിത്വം തുറന്നു പറഞ്ഞ് മുസ്ലിം പക്ഷപാതിയെന്ന പ്രചരണത്തെ പ്രതിേരാധിക്കുകയായിരുന്നു മമതയുടെ ലക്ഷ്യം. എന്നാൽ, മമതയുടെ പ്രസ്താവനക്കെതിരെ വ്യത്യസ്തമായ പ്രതികരണങ്ങളാണുണ്ടായത്.
റോഹിങ്ക്യകളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും ഗോത്രമാണോ ഷണ്ഡില്യ എന്നായിരുന്നു ബി.ജെ.പി നേതാവ് ഗിരിരാജ് സിങിന്‍റെ പരിഹാസ പ്രതികരണം. മമതക്ക് പരാജയ ഭീതി ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷണ്ഡില്യ വിഭാഗത്തിൽ ഉൾപ്പെടാത്ത, ചില ദൈവങ്ങളുടെ ഭക്തരല്ലാത്ത, ചാലിസ ചൊല്ലാത്ത തന്നെ പോലുള്ളവർക്ക് എന്തു സംഭവിക്കുമെന്നായിരുന്നു എ.ഐ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരിച്ചത്. ജയിക്കാൻ ഹിന്ദു അസ്ഥിത്വം തെളിയിക്കണമെന്നാണ് എല്ലാ പാർട്ടികളും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ ഒന്നിനാണ് നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ്. മമത ബാനർജിയും അവരുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ മത്സരം. നന്ദിഗ്രാമിലെ സിറ്റിങ് എം.എൽ.എയായ സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നാണ് മത്സരിക്കുന്നത്. സ്വന്തം മണ്ഡലം ഉപേക്ഷിച്ച് സുവേന്ദു അധികാരിയെ നേരിടാൻ നന്ദിഗ്രാമിലേക്ക് വരികയായിരുന്നു മമത.
ഇത്തവണ മമതക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ബി.ജെ.പി മതധ്രുവീകരണം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. 30 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് വേണ്ടെന്ന് നിലപാടുമായായാണ് ബി.ജെ.പി പ്രചരണം തുടങ്ങിയതു തന്നെ. 70 ശതമാനം ഭൂരിപക്ഷ വോട്ടുകളിൽ നല്ലൊരു വിഭാഗം തങ്ങെള തുണച്ചാൽ ബംഗാളിൽ അധികാരം കയ്യടക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടൽ. അതിന്‍റെ ഭാഗമായി മമതയെ മുസ്ലിം പക്ഷപാതിയായി അവതരിപ്പിച്ചുള്ള പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.