കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുകയും ചെയ്ത ജഗദീഷ് ഷെട്ടാർ പിന്നിൽ. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം 35000ത്തോളം വോട്ടിന് പിന്നിലാണ്. ഷെട്ടാറിന് 60775 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി മഹേഷ് തെങ്കിനകൈ 95064 വോട്ട് നേടി.
2008, 2013, 2018 തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ വിജയം പിടിച്ച ഷെട്ടാറിനെ പരാജയപ്പെടുത്താൻ ബി.ജെ.പി സകല ആയുധങ്ങളും പുറത്തെടുത്തിരുന്നു. 70,000 ലിംഗായത്തുകളും 30,000 മുസ്ലിംകളും 36,000 പട്ടികജാതി-പട്ടിക വർഗക്കാരും 14,000 ക്രൈസ്തവരുമാണ് മണ്ഡലത്തിലുള്ളത്.
ബി.ജെ.പിയിൽ ലിംഗായത്ത് നേതാക്കളെ പുറന്തള്ളാൻ ബി.എൽ. സന്തോഷ് നടത്തിയ നീക്കമാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ഷെട്ടാർ ആരോപിച്ചിരുന്നു. സന്തോഷിനെതിരായ വിമർശനവും ലിംഗായത്ത് അവഗണന ആരോപണവും ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. ഇത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് ഷെട്ടാറിന്റെ തോൽവി ഉറപ്പിച്ച് മറുപടി നൽകാൻ ബി.ജെ.പി കരുനീക്കിയത്.
ഹുബ്ബള്ളിയിൽനിന്നുള്ള എം.പിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് ഓപറേഷൻ അരങ്ങേറിയത്. ഷെട്ടാറിനൊപ്പം പോയ പ്രാദേശിക നേതാക്കളെ തിരിച്ചുകൊണ്ടുവരുകയും കോൺഗ്രസ് ചേരിയിൽനിന്ന് വമ്പന്മാരെ അടർത്തുകയും ചെയ്തു. ഹുബ്ബള്ളി-ധാർവാഡ് മുൻ മേയറും കോൺഗ്രസ് നേതാവുമായ പ്രകാശ് ക്യാരകട്ടി ബി.ജെ.പിയിലെത്തി.
ഷെട്ടാറിന് ഐക്യദാർഢ്യവുമായി രാജിവെച്ച ഹുബ്ബള്ളി- ധാർവാഡ് സിറ്റി കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാരെയും പ്രഹ്ലാദ് ജോഷി പാർട്ടിയിലേക്ക് തിരികെയെത്തിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി കേന്ദ്ര നേതാക്കളാണ് ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തിൽ എത്തിയത്. ഷെട്ടാർ വിജയിക്കില്ലെന്നും ഇക്കാര്യം താൻ ചോരകൊണ്ട് എഴുതിവെക്കാമെന്നും കഴിഞ്ഞദിവസം മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.