മുംബൈ: ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷണ സംഘത്തിൽ നിന്നും തന്നെ ഒഴിവാക്കിയതല്ലെന്നും താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കേസ് മാറ്റിയതെന്നും നാർകോട്ടിക്സ് ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. എന്നെ ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടില്ല. മുംബൈ സോണൽ ഓഫിസറായി ഞാൻ തുടരും -വാങ്കഡെ പറഞ്ഞു. ആര്യൻ ഖാൻ പ്രതിയായ കേസ് ഉൾപ്പെടെ എൻ.സി.ബി മുംബൈ സോണലിന് കീഴിൽ അന്വേഷിച്ചിരുന്ന ആറ് കേസുകളാണ് ഡൽഹിയിലെ സെൻട്രൽ സോണിലെ പ്രത്യേക സംഘത്തിന് കൈമാറിയത്.
ആര്യൻ ഖാൻ പ്രതിയായ കേസും മന്ത്രി നവാബ് മാലിക്കിന്‍റെ ആരോപണവും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു. ഇത് പ്രകാരമാണ് ആര്യൻ ഖാൻ കേസും, നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസും ഡൽഹിയിലെ കേന്ദ്ര സോണലിന് കീഴിലേക്ക് മാറ്റിയത് -സമീർ വാങ്കഡെ പറഞ്ഞു.
മയക്കുമരുന്നിനും ലഹരിക്കുമെതിരായ പോരാട്ടം താൻ തുടരുമെന്നും സമീർ വാങ്കഡെ പറഞ്ഞു.
മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസിന്‍റെ അന്വേഷണ സംഘത്തിൽ നിന്ന് എൻ.സി.ബി മുംബൈ സോണൽ ഓഫിസർ സമീർ വാങ്കഡെയെ നീക്കിയതിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ഇതൊരു തുടക്കം മാത്രമാണെന്ന് നവാബ് മാലിക് ട്വീറ്റ് ചെയ്തു.
'ആര്യൻ ഖാന്‍റേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് സമീർ വാങ്കഡെയെ നീക്കിയിരിക്കുന്നു. 26 കേസുകളിൽ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഈ സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്, ഞങ്ങൾ അത് ചെയ്യും' -നവാബ് മാലിക് ട്വീറ്റ് ചെയ്തു.
ബി.ജെ.പിയുടെ കൈയിലെ പാവയാണ് സമീർ വാങ്കഡെ എന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. ഇതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സമീർ വാങ്കഡെക്കെതിരെ നവാബ് മാലിക്ക് ഉന്നയിച്ചത്. സമീർ വാങ്കഡെ മുസ്ലിമാണെന്നും സംവരണത്തിൽ ജോലി ലഭിക്കാനായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു. നിരവധി ബോളിവുഡ് താരങ്ങളെ കേസിൽ കുടുക്കുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി വാങ്കഡെ പണംതട്ടിയെന്ന് ആരോപിച്ച മാലിക്, മറ്റൊരു എൻ.സി.ബി ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് തനിക്ക് എഴുതിയ കത്തും പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.