'എനിക്ക് തെറ്റ് പറ്റി; ചെയ്തതിൽ വർഗീയ ലക്ഷ്യമുണ്ടായില്ല': മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

ലഖ്നൗ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് അധ്യാപിക. കുട്ടികളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതിന് പിന്നിൽ വർഗീയ ലക്ഷ്യമുണ്ടായിരുന്നില്ല. കുട്ടി ഹോംവർക്ക് ചെയ്യാതെ വന്നതിനുള്ള ശിക്ഷ മാത്രമായിരുന്നു അതെന്നും അധ്യാപിക തൃപ്ത ത്യാഗി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

"ഞാനൊരു തെറ്റ് ചെയ്തു. അതിൽ ഒരിക്കലും ഹിന്ദു-മുസ്ലിം വശമുണ്ടായിരുന്നില്ല. അന്ന് വിദ്യാർഥി ഹോംവർക്ക് ചെയ്തിരുന്നില്ല. പാഠഭാഗങ്ങൾ കുട്ടി ഓർത്തിരിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം" - അവർ കൂട്ടിച്ചേർത്തു. താൻ ഭിന്നശേഷിക്കാരിയാണെന്നും എഴുന്നേൽക്കാൻ സാധിക്കാത്തതിനാലാണ് മറ്റ് വിദ്യാർഥികളോട് കുട്ടിയെ അടിക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ത്യാഗിയുടെ വിശദീകരണം. തന്‍റെ വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും മനപ്പൂർവം ഹിന്ദു മുസ്ലിം വർഗീയതയുണ്ടാക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു. "കൈകൂപ്പി ഞാൻ സമ്മതിക്കുകയാണ്, ഞാൻ തെറ്റ് ചെയ്തു. മുസ്ലിം ഹിന്ദു വർഗീയത സൃഷ്ടിക്കാൻ ഞാൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. പല മുസ്ലിം കുടുംബങ്ങൾക്കും ഫീസ് തരാൻ സാധിക്കുന്നില്ല. അത്തരം കുട്ടികളെ ഞാൻ സൗജന്യമായാണ് പഠിപ്പിക്കുന്നത്' - ത്യാഗി കൂട്ടിച്ചേർത്തു.

കുട്ടിയെ മുഖത്തടിപ്പിച്ച സംഭവത്തിൽ ലജ്ജയില്ലെന്നായിരുന്നു നേരത്തെ അധ്യാപികയുടെ വാദം. ഗ്രാമത്തിലെ ജനങ്ങൾ തനിക്കൊപ്പമാണ്. കുട്ടികളെ നിയന്ത്രിച്ചേ മതിയാകൂയെന്നും അതിന് തങ്ങൾ പിന്തുടരുന്ന രീതിയിതാണെന്നുമായിരുന്നു ത്യാഗി നേരത്തെ പറഞ്ഞിരുന്നത്. അതേസമയം സംഭവത്തിന് ശേഷം കുട്ടി മാനസികമായി തകർന്ന നിലയിലാണെന്നും രാത്രികളിൽ ഉറങ്ങുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് പിൻവലിക്കാൻ തങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 24നാണ് മുസ്ലിം വിദ്യാർഥിയെ തന്‍റെ സഹപാഠികൾ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. തൃപ്ത ത്യാഗി എന്ന അധ്യാപിക വിദ്യാർഥികളോട് മുസ്ലിം ബാലന്‍റെ മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അധ്യാപികയായ ത്യാഗിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323,504 എന്ന വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നോൺ കോഗ്നിസബിൾ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നതിനാൽ കോടതിയുടെ ഉത്തരവില്ലാതെ കേസിൽ അന്വേഷണം ആരംഭിക്കാനോ വാറന്‍റില്ലാതെ ത്യാഗിയെ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിക്കില്ല.

Tags:    
News Summary - I made a mistake says UP teacher tripta tyagi who told students to beat muslim student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.