പാട്ന: പക്ഷപാതപരമായി പെരുമാറുന്ന വാർത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തോട് വിയോജിച്ച് സഖ്യാംഗവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും താൻ മാധ്യമപ്രവർത്തകർക്കൊപ്പമാണെന്നും നിതീഷ് കുമാർ പറഞ്ഞു. അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തെ കുറിച്ച് തനിക്ക് കൂടുതൽ അറിയില്ലെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി.
'ഞാൻ മാധ്യമപ്രവർത്തകരെ പിന്തുണക്കുകയാണ്. ബഹിഷ്കരണത്തെ കുറിച്ച് എനിക്ക് ധാരണയില്ല. എല്ലാവർക്കും പൂർണ സ്വാതന്ത്രമുള്ള ഒരു സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ അവർക്ക് തോന്നിയത് എഴുതും. അവർക്കും അവകാശമുണ്ട്. ഞാൻ അവർക്ക് എതിരല്ല' -നിതീഷ് കുമാർ പറഞ്ഞു.
ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടിവിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരെയാണ് ഇൻഡ്യ സഖ്യം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇവരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് സഖ്യ നേതാക്കൾ ബഹിഷ്‌കരിക്കുക. ഈ അവതാരകർ നയിക്കുന്ന ഒരു ചർച്ചയിലും ഇൻഡ്യ സഖ്യത്തിലെ ഒരു കക്ഷിയും പങ്കെടുക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.