മേയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ വെച്ച് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മമതയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുവേന്ദു അധികാരി. പാർട്ടി തന്നെ നന്ദിഗ്രാമിൽ മത്സരിപ്പിക്കുകയാണെങ്കിൽ മമതയെ 50000 വോട്ടുകൾക്ക് പരാജയപ്പെടുത്തുമെന്നും അല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും കമ്പനിയായി മാറിയെന്നും അധികാരി ആരോപിച്ചു.
മമതയും മരുമകൻ അഭിഷേകും സ്വേച്ഛാധിപത്യം നടത്തുന്ന ടിഎംസിയിൽ നിന്ന് വിഭിന്നമായി ബി.ജെ.പിയിൽ സ്ഥാനാർത്ഥികളെ ചർച്ചയ്ക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്നും പാർട്ടി സ്ഥാനാർത്ഥിത്വം ആവശ്യപ്പെടണമെന്നും അധികാരി വ്യക്തമാക്കി. 'എന്നെ അവിടെ സ്ഥാനാർഥിയാക്കുമോ എന്ന് എനിക്കറിയില്ല. എന്നെ മത്സരിപ്പിക്കുന്നുണ്ടോ.. എന്ന കാര്യത്തിൽ പോലും യാതൊരു അറിവുമില്ലെന്നും അദ്ദേഹം ഒരു റോഡ് ഷോയിൽ പെങ്കടുത്തുകൊണ്ട് പറഞ്ഞു.
'തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് മമത നന്ദിഗ്രാമിനെ ഓർമ്മിക്കുന്നത്. നന്ദിഗ്രാമിലെ ജനങ്ങളുടെ വികാരംവെച്ച് കളിക്കുകയാണവർ. എന്നാൽ, അത് ഇത്തവണ ഫലം ചെയ്യില്ല. അവരുടെ പാർട്ടിയെ ജനാധിപത്യപരമായി ബംഗാൾ ഉൾക്കടലിലേക്ക് ജനങ്ങൾ തന്നെ വലിച്ചെറിയും. തിങ്കളാഴ്ച നന്ദിഗ്രാമിലെ തെഖാലിയിൽ നടന്ന ബാനർജിയുടെ യോഗത്തിൽ പങ്കെടുത്ത 30,000 ത്തിലധികം ആളുകൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്നവരാണെന്നും' അധികാരി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.