ഹൈദരാബാദ്: ഉത്തർപ്രദേശിൽ ജയിൽശിക്ഷ അനുഭവിക്കെ മരണപ്പെട്ട മുൻ മാഫിയ തലവനും എം.എൽ.എയുമായിരുന്ന മുഖ്‌താർ അൻസാരിയുടെ കുടുംബാംഗങ്ങളെ കണ്ടതുമുതൽ തനിക്ക് വധഭീഷണിയുണ്ടെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഇത്തരം ഭീഷണിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചു. മാർച്ച് 28ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുഖ്‌താർ അൻസാരിയുടെ മരണത്തിൽ ഉവൈസി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ കൊലപ്പെടുത്തുകയായിരുന്നെന്നാണ് അൻസാരിയുടെ മകനും സഹോദരനും ആരോപിച്ചിരുന്നത്.
"ഞാൻ ഈ ലോകത്തുനിന്ന് അത്ര എളുപ്പം പോകില്ല. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന പലരും ഉണ്ട്. ആരൊക്കെ വന്നാലും ഞാൻ അവരോടൊക്കെ യുദ്ധം ചെയ്യും, പുറംതിരിഞ്ഞ് നിൽക്കില്ല. എല്ലാം നേരിടും. രാജ്യത്തെ ഇപ്പോഴത്തെ അന്തരീക്ഷം ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ്"- ഉവൈസി പറഞ്ഞു.
അതേസമയം ഉവൈസിക്ക് ഏറെനാളായി വധഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസും അറിയിച്ചു. മുഖ്‌താർ അൻസാരിയുടെ വീട് സന്ദർശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ഇത്തരം ഭീഷണികൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് തവണയെങ്കിലും അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
2022ൽ ഉത്തർപ്രദേശിലെ മീററ്റിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.