പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് എന്നെ ഖിന്നനാക്കുന്നു. ആര് ജയിക്കും, തോൽക്കും എന്നതുമായി ബന്ധപ്പെട്ട് എനിക്ക് പണം മുടക്കുള്ളതുകൊണ്ടൊന്നുമല്ല ആധി. ഏതു മാനദണ്ഡം വെച്ചുനോക്കിയാലും ചില ജനോപകാര പദ്ധതികളുമായി തൃണമൂൽ കോൺഗ്രസി (ടി.എം.സി)െൻറത് ശരാശരി സർക്കാറായിരുന്നു. ജനാധിപത്യ അവകാശങ്ങൾ, അഴിമതി തുടങ്ങിയ വിഷയങ്ങളിലെ ട്രാക്ക് റെക്കോഡ് അത്ര മുന്തിയതൊന്നുമല്ല. ഇടതുപക്ഷത്തിെൻറ വീരചരമം, കോൺഗ്രസ് പിന്നെയും അപ്രസക്തമായി തുടരൽ എന്നിവ ബംഗാൾ രാഷ്ട്രീയത്തിെൻറ നടപ്പുരീതികളായി മാറിയിട്ടുണ്ട്. സ്വാഭാവികമായും, ഈ സാഹചര്യത്തിൽ ഭാരതീയ ജനത പാർട്ടി അതിദ്രുതം രംഗം പിടിക്കുന്നത് പ്രതീക്ഷിക്കപ്പെട്ടതു തന്നെ. ആദർശപരവും വ്യക്തിപരവുമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ചാൽ ആശങ്കക്ക് പ്രത്യേക കാരണങ്ങളൊന്നുമില്ല. എന്തു സംഭവിച്ചാലും, ബംഗാൾ ജനതയുടെ വിധിയും സാഹചര്യവും കാര്യമായി മാറാൻ സാധ്യത നന്നേ കുറവ്.
ഫലം എന്താകുമെന്നതിനെക്കാൾ എന്നെ അലോസരപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് തന്നെയാണ്. ഈ തെരഞ്ഞെടുപ്പിലേക്കുള്ള പഥങ്ങളാണ്. തെരഞ്ഞെടുപ്പ് ദിനവും എന്നെ ആധിയിലാഴ്ത്തുന്നു. പലയിടങ്ങളിലും ഒരിക്കലും തീർക്കാനാവാത്ത കേടുപാടുകൾ അതിനിടെ സംഭവിച്ചുകഴിഞ്ഞിട്ടുണ്ടാകും. ബംഗാളിനെ മൊത്തമായി അത് ഛിന്നഭിന്നമാക്കും. മുേമ്പ തളർന്നുപോയ നമ്മുടെ പല സ്ഥാപനങ്ങളെയും അത് കൂടുതൽ ശുഷ്കമാക്കും.
1972ലെ കോൺഗ്രസ് കളങ്കം
എെൻറ ഒന്നാമത്തെ ആധി പശ്ചിമ ബംഗാളിൽ സാധുവായി കഴിഞ്ഞ ഒരു കീഴ്വഴക്കമാണ്. പൊതുവെ മോശമല്ലാതെ തെരഞ്ഞെടുപ്പ് നടക്കുന്ന ചരിത്രമുള്ള രാജ്യത്തിനു മേൽ 1972ൽ ബംഗാളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ശരിക്കും കളങ്കമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ കോൺഗ്രസ്- അന്ന് കോൺഗ്രസ് (ആർ) എന്നായിരുന്നു പേര്- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.എം)യെ നിലംപരിശാക്കി. 280 അംഗ സഭയിൽ സി.പി.എം പ്രാതിനിധ്യം 14ലേക്കു ചുരുങ്ങി. ഇടത് അനുകൂല മാധ്യമങ്ങളെയും അക്കാദമിക്കുകളെയും വിശ്വസിച്ചാൽ അന്നത്തെ തെരഞ്ഞെടുപ്പ് കൃത്രിമത്വങ്ങളുടെ അരങ്ങായിരുന്നു.
ഒന്നുകൂടി മിതമായി പറഞ്ഞാൽ കോൺഗ്രസ് മിനിമം മാർജിനിൽ ജയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധം വരുത്തിയ മനംമാറ്റമാണ് നിമിത്തം. പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽ തോൽവി മണത്ത സിദ്ധാർഥ ശങ്കർ റേ- ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായിരുന്നു- അപായ ബട്ടൺ ഞെക്കി ഇറങ്ങിക്കളിച്ച് ജയം വൻ മാർജിനിലാക്കിയെടുത്തു.
ലക്ഷ്യം എന്തുതന്നെയാകട്ടെ, പല മണ്ഡലങ്ങളിലും കോൺഗ്രസ് ബലംപ്രയോഗിച്ച് വോട്ടർമാരെ മടക്കിയും ബൂത്തുകൾ പിടിച്ചെടുത്തും കാര്യങ്ങൾ വരുതിയിലാണെന്ന് ഉറപ്പുവരുത്തി. പല മണ്ഡലങ്ങളിലും വോട്ടിങ് രീതിയിൽ വന്ന അതിവേഗ മാറ്റം ഒരിക്കലും വിശദീകരണത്തിന് വഴങ്ങുന്നതായിരുന്നില്ല. ചുരുക്കത്തിൽ, 1972ലെ തെരഞ്ഞെടുപ്പ് പല തലങ്ങളിലും കൃത്രിമത്തിന് വിധേയമായി.
ബംഗാൾ ഇത്തവണയെങ്കിലും പിടിക്കണമെന്ന ബി.ജെ.പിയുടെ ശാഠ്യമാണ് എന്നെ ആശങ്കയുടെ മുനയിൽ നിർത്തുന്നത്. അവർക്ക് ചെറുതായെങ്കിലും ഒരു അവസരം ഞാൻ കാണുന്നുണ്ട്. എല്ലാ അധികാരവും വിഭവങ്ങളും കൈവശമുണ്ട് ബി.ജെ.പിക്ക്. ഇത്തിരി പോലും മനഃസാക്ഷിക്കുത്ത് ഇല്ലെന്നത് പറയാനുമില്ല.
ബംഗാൾ പിടിക്കണമെന്ന ബി.ജെ.പി നിർബന്ധം അങ്ങാടിപ്പാട്ടാണ്. ഇന്ത്യ മുഴുക്കെ അധികാരം വ്യാപിപ്പിക്കണമെന്ന എല്ലാം ചൂഴ്ന്നുനിൽക്കുന്ന മോഹം ഒരുവശത്ത്. അതിലേറെ ലളിതമായ മറ്റൊരു ആവശ്യം കൂടിയുണ്ട്. വളർച്ചയുടെ പരമാവധി ഇപ്പോഴേ തൊട്ടുകഴിഞ്ഞ വടക്കേ ഇന്ത്യയിൽ പാർട്ടി അനുഭവിച്ച, അനുഭവിക്കാൻ ഇടയുള്ള നഷ്ടങ്ങൾ കിഴക്കുനിന്നോ തെക്കുനിന്നോ പിടിക്കണം. തമിഴ്നാട്, കേരളം പോലുള്ളവ ഇനിയും ഏറെ അകലെ. അതിനാൽ തന്നെ, കിഴക്കുനിന്ന് പിടിക്കുകയേ വഴിയുള്ളൂ. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യാറുള്ള പാർട്ടി, ജയം അനിവാര്യമായിടത്ത് എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാനാകില്ല.
ബംഗാളിൽ പുറത്തുനിന്ന് ഒരു അവസരമേ ബി.ജെ.പി കാണുന്നുള്ളൂ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റായിരുന്നു ആകെ സമ്പാദ്യം. പക്ഷേ, ഇന്ന് അവിടെയല്ല, പാർട്ടിയുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.എം.സിയെക്കാൾ മൂന്നു ശതമാനം വോട്ട് മാത്രമായിരുന്നു കുറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പ് അസംബ്ലി സീറ്റുകളിൽ കണക്കുകൂട്ടിയാൽ ടി.എം.സി 152 നേടുന്നിടത്ത് ബി.ജെ.പിക്ക് നേട്ടം 126 എണ്ണമാകും.
ഇനിയൊരിക്കൽ ഇതുപോലെ ആവർത്തിക്കാനാവില്ലെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. കാരണം, സംസ്ഥാനത്ത് ലോക്സഭയിലെ പ്രകടനം ഒരിക്കലും നിയമസഭയിൽ ആവർത്തിക്കാൻ സാധിക്കാറില്ല. മാത്രമല്ല, മുഖ്യമന്ത്രി മമത ബാനർജിയുടെ ജനപ്രീതിയുടെ അടുത്തെങ്ങുമെത്തുന്ന നേതാക്കളും ബി.ജെ.പിക്കില്ല. എന്നുവെച്ചാൽ, 'അടുത്താണ്, പക്ഷേ, എത്ര അകലെ' എന്നതാണ് സ്ഥിതി. അപകടകരമാം വിധം മോഹിപ്പിക്കുന്നു, ഈ സാഹചര്യം.
ഇത്തിരി നിർത്തിയിട്ടു പറയാം: കാരണം, തെരഞ്ഞെടുപ്പ് കൃത്രിമത്തെ കുറിച്ചും വഞ്ചനയെ കുറിച്ചും പറയുേമ്പാൾ ഇപ്പോഴും തീരെ യാഥാസ്ഥിതികനാണ് ഞാൻ, പതിവിലേറെ കരുതലുള്ളവനും. 2006ൽ പരാജയത്തെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കൃത്രിമം കാരണമായി നിരത്തിയ മമത ബാനർജിയെ ഞാൻ ചീത്ത വിളിച്ചതാണ്. 2019ലെ ബി.ജെ.പി ജയം വോട്ടിങ് മെഷീൻ ഹാക്കിങ്ങോ കൃത്രിമമോ കൊണ്ടാണെന്നും ഞാൻ കരുതുന്നില്ല, എെൻറ മോദി വിരുദ്ധ സൗഹൃദവലയത്തെ അത് നോവിക്കുമെങ്കിലും.
എെൻറ ആശങ്ക ഞാൻ പങ്കുവെക്കാം. 2021ലെ തെരഞ്ഞെടുപ്പ് 1972ലെതിനെക്കാൾ മോശമാകും. കാരണം, അടുത്ത തെരഞ്ഞെടുപ്പിൽ ജയം പിടിക്കാൻ നിലവിലെ കേന്ദ്ര ഭരണകൂടം താഴെ പറയുന്ന കാര്യങ്ങൾ ചെയ്തുവെന്നിരിക്കും.
ഒന്ന്, പേരിലില്ലെങ്കിലും സംസ്ഥാനത്ത് ഗവർണർ ഭരണമാകും നടക്കുക. ഗവർണറുടെ ഇതുവരെയുള്ള പച്ചയായ പക്ഷപാത നിലപാടുകൾ വെച്ചുനോക്കിയാൽ,രാജ്ഭവൻ ബി.ജെ.പി ഹെഡ്ക്വാർട്ടേഴ്സ് ആയി മാറും.
രണ്ട്, ജനമനസ്സിൽ എന്നേ കറവീണ തെരഞ്ഞെടുപ്പ് കമീഷൻ, കൂടുതൽ കളി തുടർന്ന് കൂടുതൽ അടി വാങ്ങും. തെരഞ്ഞെടുപ്പ് കമീഷെൻറ നിഷ്പക്ഷത കൂടുതൽ അളക്കപ്പെടുന്ന തെരഞ്ഞെടുപ്പാകും ഇത്. പക്ഷേ, സമ്മർദം കൂടുതലുണ്ടാകുക, കേന്ദ്രഭരണ കക്ഷിയിൽനിന്നാകും.
മൂന്ന്, കരുത്തുകാട്ടി തെരുവിലുള്ള തൃണമൂൽ അണികളെ ഒതുക്കാൻ കേന്ദ്രം കൂടുതൽ അധികാരം പ്രയോഗിക്കും. തെരഞ്ഞെടുപ്പ് ദിനത്തിലും കടുത്ത പക്ഷപാതം കണ്ടേക്കാം.
നാല്, പശ്ചിമ ബംഗാൾ ഇതുവരെയും സാക്ഷിയാകാത്തത്ര പണം ഒഴുകും. എന്തു വീഴ്ചകൾ ചൂണ്ടിക്കാട്ടിയാലും പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിലെ പോലെ പണം ഇവിടെ തെരഞ്ഞെടുപ്പിൽ ഒഴുകുന്നത് കണ്ടിട്ടില്ല. ഇത്തവണ പക്ഷേ, അതു മാറും.
അവസാനമായി, ഇന്ത്യ ദർശിക്കാൻ പോകുന്ന ഏറ്റവും കടുത്ത വിഭജനാധിഷ്ഠിത തെരഞ്ഞെടുപ്പാകും ഇത്. സാമുദായിക ധ്രുവീകരണത്തിന് നടപടികൾ ബി.ജെ.പി നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. മുസ്ലിം ജനസംഖ്യ നാലിലൊന്നിൽ കൂടുതലായ സംസ്ഥാനമാണ് ബംഗാൾ. എന്നല്ല, മതത്തിെൻറ പേരിൽ ചോര ചിന്തിയ പാരമ്പര്യവും ആ മണ്ണിനുണ്ട്. വിഭജനാനന്തര കാലത്ത് സംഘർഷമേറെ കാണുകയും ചെയ്തതാണ്. വിഭജനത്തിനു മുമ്പുള്ള ബംഗാളിലേക്ക് പിൻമടക്കത്തിനാണ് നാം സാക്ഷിയാകുന്നത്.
എെൻറ ഈ ആധികൾ വെറുതെയായി വരട്ടെ. പക്ഷേ, നിലവിലെ സാഹചര്യത്തിൽ സാധ്യതകളേറെയാണ്. അതിനാൽ നിങ്ങളും ഭയക്കണം.
(കടപ്പാട്: theprint.in മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.