ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യാൻ വിളിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താൽ, രാജിവെക്കാതെ ജയിലിലിരുന്ന് ജോലി തുടരുമെന്ന് ആം ആദ്മി പാർട്ടി.
സർക്കാറിന്‍റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കെജ്രിവാൾ കഴിയുന്ന ജയിലിലേക്ക് വിളിക്കും. ജയിലിൽ തുടരുന്ന കാലത്തോളം അവിടെയിരുന്ന് ജോലി തുടരാൻ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡൽഹി മന്ത്രിസഭാംഗം അതിഷി പറഞ്ഞു.
ഇ.ഡി തനിക്കെതിരെ കൂടി നീങ്ങുന്ന സാഹചര്യത്തിൽ തുടർനടപടി ആലോചിക്കാൻ കെജ്രിവാൾ വിളിച്ച ആപ് എം.എൽ.എമാരുടെ യോഗമാണ് അസാധാരണ തീരുമാനമെടുത്തത്. അറസ്റ്റ് ചെയ്താലും ഡൽഹി മുഖ്യമന്ത്രിയായി തുടരാൻ എം.എൽ.എമാർ കെജ്രിവാളിനോട് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യാൻ ഇ.ഡി അയച്ച സമൻസ് വകവെക്കാനോ, അതനുസരിച്ച് ഹാജരാകാനോ കെജ്രിവാൾ ഇതുവരെ കൂട്ടാക്കിയിട്ടില്ല.
ഡൽഹിയിൽ ജനങ്ങൾ ബി.ജെ.പിക്ക് വോട്ടു ചെയ്യാത്ത സാഹചര്യത്തിൽ ഭരണത്തിലിരിക്കുന്ന ഓരോരുത്തരെയായി അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച് പാർട്ടി തകർക്കാനുള്ള വഴിയാണ് ബി.ജെ.പി കേന്ദ്രഭരണം ദുരുപയോഗിച്ച് നടത്തുന്നതെന്ന് ആപ് എം.എൽ.എമാരുടെ യോഗം കുറ്റപ്പെടുത്തി.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന് കീഴ്ക്കോടതി അയച്ച സമൻസ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പേരുചേർത്ത് നിയമലംഘനം നടത്തിയെന്ന ആരോപണത്തിലാണ് നവംബർ 18ന് ഹാജരാകാൻ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അർജിന്ദർ കൗർ സമൻസ് അയച്ചത്. ഇതിനെതിരെ സുനിത ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. യു.പിയിലെ സാഹിബാബാദ് അസംബ്ലി മണ്ഡലം (പാർലമെന്ററി മണ്ഡലം ഗാസിയാബാദ്), ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക് അസംബ്ലി മണ്ഡലം എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിൽ സുനിത കെജ്‌രിവാൾ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ഹരീഷ് ഖുറാനയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.