ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടിയാൽ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വാഗ്ദാനം ബി.ജെ.പി നിറവേറ്റിയെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഡല്‍ഹിയിലെ ലക്ഷ്മി നഗറിൽ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മൽഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിതതുപോലെ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി 300 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ബി.ജെ.പി സർക്കാർ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
യു.പി.എയുടെ ഭരണകാലത്ത് പാക് അധീന കശ്മീർ വിഷയത്തിൽ പാർലമെന്റില്‍ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്നും ശർമ്മ പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസമായി പാക് അധീന കശ്മീരില്‍ പ്രക്ഷോഭം നടക്കുകയാണ്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമായി മാറുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാം ഘട്ടമായ മെയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.