ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ രാജ്യ തലസ്ഥാനം 'കർഷക വിപ്ലവ'ത്തിന് സാക്ഷിയാകുമെന്ന് കർഷക സംഘടനകൾ. കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികെറ്റ് പറഞ്ഞു.
'കേന്ദ്രസർക്കാറുമായി ആറുവട്ടം ചർച്ചകൾ നടത്തിയിട്ടും യാതൊരു പരിഹാരവുമില്ല. സർക്കാർ ഒരു പരിഹാരം കണ്ടില്ലെങ്കിൽ കർഷകർ വിപ്ലവത്തിലൂടെ തങ്ങളുടെ വഴി കണ്ടെത്തും. അത്തരമൊരു വിപ്ലവം ഡൽഹിയുടെ ഹൃദയഭാഗത്ത് കാണാനാകും' -ടികെറ്റ് പറഞ്ഞു. 23 ദിവസമായി ഗാസിപുർ -ഗാസിയാബാദ് (യു.പി ഗേറ്റ്) അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമെമ്പാടുമുള്ള കർഷകരോട് ഡൽഹിയിലെ നാല് അതിർത്തികളിലും നടക്കുന്ന കർഷക പ്രേക്ഷാഭത്തിൽ പങ്കുചേരാനും അദ്ദേഹം അഭ്യർഥിച്ചു. സിംഘു, ടിക്രി, യു.പി ഗേറ്റ്, ചില്ല എന്നിവിടങ്ങളിലാണ് കർഷക പ്രതിഷേധം.
മുഴുവൻ കർഷകരും കാർഷിക ആയുധങ്ങളുമേന്തി വീടുകളിൽനിന്ന് പ്രതിഷേധത്തിൽ പങ്കുചേരുന്നതിനായി എത്തണം. ചെറുതും വലുതുമായ കർഷക സഘടനകൾ ബാനറുകളും കൊടികളുമായി കർഷക പ്രക്ഷോഭത്തിൽ പങ്കുേചരണം. എല്ലാവരെയും പ്രക്ഷോഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കർഷക പ്രതിഷേധത്തിലെ സുപ്രീംകോടതിയുടെ നിലപാടിൽ അദ്ദേഹ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 'കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ ഏകദേശം 700ഓളം ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയതായാണ് വിവരം. വെള്ളിയാഴ്ച മീററ്റിൽ ഒരു യോഗം നടന്നിരുന്നു. എന്തുകൊണ്ട് സർക്കാർ ഇത്തരം ചർച്ചകൾ വൻ നഗരങ്ങളിൽ മാത്രം നടത്തുന്നു. കർഷകർ താമസിക്കുന്ന ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ കർഷകർ സമരം ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്തുകൊണ്ട് സർക്കാർ ഇവിടേക്ക് എത്തുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.