ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ ബംഗാൾ കശ്മീരാകുമെന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. സുവേന്ദുവിന്‍റെ പരാമർശം വിഡ്ഢിത്തവും അരോചകവുമാണെന്നും ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ സ്വർഗമായെന്നാണ് ബി.ജെ.പി പറയുന്നത്. അപ്പോൾ പിന്നെ ബംഗാൾ കശ്മീരായി മാറുന്നതിൽ എന്താണ് തെറ്റെന്ന് ഉമർ അബ്ദുല്ല ചോദിച്ചു.
''നിങ്ങൾ ബി.ജെ.പിക്കാർ അഭിപ്രായപ്പെടുന്നത് 2019 ആഗസ്റ്റിന് ശേഷം കശ്മീർ സ്വർഗമായി മാറിയെന്നാണ്. അതുകൊണ്ട് പശ്ചിമബംഗാൾ കശ്മീരാവുന്നതിൽ എന്താണ് തെറ്റ്? എന്തായാലും ബംഗാളികൾ കശ്മീരിനെ ഇഷ്ടപ്പെടുകയും ധാരാളം പേർ ഇവിടം സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ വിഡ്ഢിത്തവും അരോചകവുമായ പരാമർശത്തിൽ ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു. '' -ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ബെഹല മുച്ചിപാറയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ''തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ ബംഗാൾ കശ്മീരായി മാറും'' എന്ന് സുവേന്ദു അഭിപ്രായപ്പെട്ടത്.
നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ നേതാവ് മമത ബാനർജിക്കെതിരായി മത്സരിക്കുന്നത് മുൻ തൃണമൂൽകോൺഗ്രസ് എം.എൽ.എയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയാണ്.
താൻ നന്ദിഗ്രാം മണ്ണിന്‍റെ പുത്രനാണെന്നും മമത അവിടെ പുറംനാട്ടുകാരിയാണെന്നും താൻ അവരെ തോൽപിച്ച് കൊൽക്കത്തയിലേക്ക് തന്നെ അയക്കുമെന്നും ബി.ജെ.പി ടിക്കറ്റ് ലഭിച്ച ഉടനെ സുവേന്ദു അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.