ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും യോജിച്ച ഒരു പ്രതിപക്ഷ സ്ഥാനാർഥി മാത്രമാണ് കളത്തിലിറങ്ങുന്നതെങ്കിൽ ബി.ജെ.പിക്ക് 150 സീറ്റിന് മുകളിൽ ലഭിക്കില്ലെന്ന് മുൻ ജമ്മു-കശ്മീർ ഗവർണറും ബി.ജെ.പി നേതാവുമായിരുന്ന സത്യപാൽ മലിക്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മലിക് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിർദേശമെന്ന് ‘ദ വയറി’ൽ കരൺ ഥാപറിന് നൽകിയ അഭിമുഖത്തിൽ മലിക് വെളിപ്പെടുത്തിയത് ദേശീയ രാഷ്ട്രീയത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ബി.ജെ.പിയുടെയും മോദിയുടെയും കടുത്ത വിമർശകനാണിപ്പോൾ അദ്ദേഹം. തീർത്തും കർഷക വിരുദ്ധമായ മൂന്നു പുതിയ നിയമങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നതിനു പിന്നാലെയാണ് സത്യപാൽ മലിക് മോദിയുടെയും കേന്ദ്ര സർക്കാറിന്റെയും വിമർശകനായത്.
താൻ ഏതെങ്കിലും പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡി.ബി ലൈവ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലിക് പറഞ്ഞു. എന്നാൽ, 2024 പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തും. ബി.ജെ.പിക്കെതിരെ യോജിച്ച പ്രതിപക്ഷത്തെ ഒരുക്കുന്നതിനുള്ള ചർച്ചകളിൽ താനും പങ്കാളിയാവും. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും യോജിച്ച ഒരു പ്രതിപക്ഷ സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കണം. അങ്ങനെയെങ്കിൽ ബി.ജെ.പിക്ക് 150ന് മുകളിൽ സീറ്റ് കിട്ടില്ല’- അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.