ഈ കലാപ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ വർഗീയ ഭ്രാന്തൻമാരെ താനെ അകറ്റും; വൈറലായി കുറിപ്പ്​

'സുഹൃത്തുക്കളെ, നിങ്ങൾ എപ്പോഴെങ്കിലും വർഗീയലഹളകളുടെ, കലാപങ്ങളുടെ, വംശഹത്യയുടെ ഇരകളെ കാണണം. ഒരേ വേദനയും, ഒരേ സങ്കടങ്ങളും, ഒരേ മുറിവുകളും ആണ് 'വർഗീയരാഷ്ട്രീയം' ജാതി മതഭേദമില്ലാതെ, തങ്ങള്‍ക്കു നല്‍കിയതെന്ന തിരിച്ചറിവില്‍, അവര്‍ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കാന്‍ തുടങ്ങിയ നേർകാഴ്ച കാണണം...


സുധാ മേനോൻ

അപ്പോൾ നിങ്ങൾക്ക് ഒരിക്കലും ഒരു മതത്തിലെയും വർഗീയവാദികളെ അംഗീകരിക്കാൻ കഴിയില്ല' -വർഗീയ കലാപങ്ങളിലൂടെ ഭരണുനേട്ടം കൊയ്യുന്ന ഹിന്ദുത്വ തീവ്രവാദികളെ കരുതിയിരിക്കാൻ അവർ സംഘടിപ്പിച്ചിട്ടുള്ള മുൻ കലാപ ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയാകുമെന്ന എഴുത്തുകാരി സുധാ മേനോന്‍റെ കുറിപ്പ്​ ശ്രദ്ധേയമാകുന്നു. ഗുജ്​റാത്ത്​ കലാപ കാലത്ത്​ അവിടം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളെ കുറിച്ചാണ്​ സുധാ മേനോൻ കുറിപ്പിൽ വിശദമാക്കുന്നത്​. കൊലപാതകങ്ങളിലൂടെ കേരളത്തിലും ഇത്​ ആവർത്തിക്കാൻ തീവ്ര ഹിന്ദുത്വ ശക്​തികൾ ശ്രമിക്കുന്ന കാലത്ത്​ ഈ ചിത്രങ്ങൾ ഒരു മുൻകരുതൽ എടുക്കാൻ സഹായകമാകുമെന്നും അവർ പറയുന്നു.

സുധാ മേനോന്‍റെ കുറിപ്പിൽനിന്നും:

ഗുജറാത്ത് കലാപം കഴിഞ്ഞശേഷം ഏകദേശം പത്തു വർഷം കഴിഞ്ഞപ്പോൾ, സഹപ്രവർത്തകർക്കൊപ്പം ഒരിക്കൽ കലാപബാധിത പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത മനുഷ്യർ താമസിക്കുന്ന അഹമ്മദാബാദിലെ ഇടുങ്ങിയ തെരുവുകളിലൂടെ പോയിരുന്നു. ആ അഭിശപ്തദിവസങ്ങളുടെ നടുക്കത്തിൽ നിന്നും അപ്പോഴും അവർ മുക്തരായിരുന്നില്ല. പലരും വെറും ഇരുപത്തിനായിരം രൂപയ്ക്കു സ്വന്തം വീട് വിറ്റിട്ട് ആണ് ദൂരെയുള്ള സ്വസമുദായക്കാർ ഭൂരിപക്ഷമുള്ള സ്ഥലത്തെ ഒറ്റമുറി വീടുകളിലേക്ക് താമസം മാറ്റിയത്. മറ്റു പലർക്കും കത്തിയെരിഞ്ഞുപോയ വീടുകൾക്ക് പകരം വേറൊരു വീട് ഉണ്ടാക്കാൻ പറ്റിയില്ല.

 


നഷ്ടപരിഹാരമായി കിട്ടിയ ചെറിയ തുകകൾ അവർക്കു പരിക്ക് പറ്റിയ ഭർത്താവിന്റെയും, ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നീണ്ടകാലത്തെ ചികിത്സക്ക് ഉപയോഗിക്കേണ്ടി വന്നു. ഇരകളിൽ മുസ്ലിങ്ങളും ഹിന്ദുക്കളും ഉണ്ടായിരുന്നു. എങ്കിലും മുസ്ലിങ്ങൾ ആയിരുന്നു ഭൂരിപക്ഷവും. സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യർ! നഗരം കത്തിയെരിഞ്ഞ നാളുകളിൽ ‌സഹായം തേടി പരക്കം പാഞ്ഞപ്പോഴും, അതിനുശേഷവും ഒക്കെ എല്ലാ സാമ്പത്തിക- വൈകാരിക അരക്ഷിതത്വവും അവർ സ്വയം നേരിട്ടു. രാത്രികളിൽ പേടിസ്വപ്‌നം കണ്ട് ഞെട്ടിയുണരുന്ന കുട്ടികൾ സാധാരണനിലയിലേക്ക് തിരിച്ചുവരാൻ വർഷങ്ങൾ എടുത്തു. അപ്പോഴേക്കും അവർക്കു ബാല്യം നഷ്ടമായിരുന്നു.

 


രാഷ്ട്രീയപാർട്ടികൾ ഗുജറാത്ത് കലാപവും വംശഹത്യയും അവരുടെ അധികാരത്തിനും സാമൂദായിക ധ്രുവീകരണത്തിനും വേണ്ടി സമർത്ഥമായി ഉപയോഗിച്ചപ്പോൾ, കിടപ്പാടവും, തൊഴിലും നഷ്ടപ്പെട്ട ആ സാധുമനുഷ്യർ ജീവിക്കാൻ ഒരു പാട് ബുദ്ധിമുട്ടി. പലരും ഭയം മൂലം പെൺകുഞ്ഞുങ്ങളെ സ്‌കൂളിൽ വിടാതായി. ഏറ്റവും കൂടുതൽ ഇത് ബാധിച്ചത് മുസ്ലിം പെൺകുട്ടികളെ ആയിരുന്നു. നഷ്ടപരിഹാരത്തുക കൈക്കലാക്കിയ ശേഷം പുത്രഭാര്യയെയും കുട്ടികളെയും ഇറക്കിവിട്ട കഥകൾ വേറെ. ആയിരം ബീഡികൾ വെറും അൻപത് രൂപയ്ക്കു തെറുക്കുന്ന സ്ത്രീകളെയും ഞാൻ ആ തെരുവിൽ കണ്ടുമുട്ടി. ലോൺ കിട്ടാതെ, പൈപ്പ് കണക്ഷൻ കിട്ടാതെ, വാടകവീട് കിട്ടാതെ ജീവിതം നരകതുല്യമാകുന്നവർ. ഘെട്ടോകളിലെ മേൽവിലാസം കാണുമ്പോൾ തന്നെ തൊഴിൽ അപേക്ഷകൾ തിരസ്കരിക്കുന്ന നവമുതലാളിമാർകൂടിയാകുമ്പോൾ ഒരിക്കലും ദാരിദ്ര്യം അവരെ വിട്ടുപോകുന്നില്ല.

ഈ അവസ്ഥയിൽ നിന്നും ഒരു മതസംഘടനയും അവരെ രക്ഷിക്കുന്നില്ല. ഹിന്ദുവിനെയും മുസ്ലിമിനെയും 'ഉണർത്തുക' മാത്രമാണ് ഈ വർഗീയസംഘടനകളുടെ എക്കാലത്തെയും കടമ. പറ്റുമെങ്കിൽ ഉണർന്നു വരുന്നവരെകൊണ്ടു സഹജീവികൾക്ക് നേരെ ആയുധം എടുപ്പിക്കുകയും. അല്ലാതെ,മനുഷ്യരുടെ നിത്യജീവിതസമസ്യകൾ വർഗീയസംഘടനകളുടെ അജണ്ടയിൽ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഇനി ഉണ്ടാവുകയും ഇല്ല. അതുകൊണ്ടാണല്ലോ വളരെ എളുപ്പത്തിൽ ഒരാളെ കൊല്ലാനും, പകരം വീട്ടാനും, രക്തസാക്ഷിയാകാനുള്ള മോഹം പരസ്യമായി പ്രഖ്യാപിക്കാനും ഒക്കെ ഇവർക്ക് കഴിയുന്നത്.



ഇതൊക്കെ ഇപ്പോൾ എഴുതിയത് കേരളത്തിൽ നിന്നും വർഗീയശക്തികളുടെ പോർവിളികൾ കേൾക്കുന്നത് കൊണ്ടാണ്. ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷവർഗീയതയും ഒരു പോലെ അപകടകരമാണ്. കാരണം മനുഷ്യജീവനെടുക്കാൻ ഇരു കൂട്ടർക്കും ഒരു മടിയും ഇല്ല.

സുഹൃത്തുക്കളെ, നിങ്ങൾ എപ്പോഴെങ്കിലും വർഗീയലഹളകളുടെ, കലാപങ്ങളുടെ, വംശഹത്യയുടെ ഇരകളെ കാണണം. ഒരേ വേദനയും, ഒരേ സങ്കടങ്ങളും, ഒരേ മുറിവുകളും ആണ് 'വർഗീയരാഷ്ട്രീയം' ജാതി മതഭേദമില്ലാതെ, തങ്ങള്‍ക്കു നല്‍കിയതെന്ന തിരിച്ചറിവില്‍, അവര്‍ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കാന്‍ തുടങ്ങിയ നേർകാഴ്ച കാണണം...

അപ്പോൾ നിങ്ങൾക്ക് ഒരിക്കലും ഒരു മതത്തിലെയും വർഗീയവാദികളെ അംഗീകരിക്കാൻ കഴിയില്ല. എല്ലാ വർഗീയവിഭജനങ്ങളും മനുഷ്യനെ അവസാനം കൊണ്ടെത്തിക്കുന്നത് കലാപത്തിലും മനുഷ്യക്കുരുതിയിലും ആണെന്ന പ്രപഞ്ചസത്യം ബോധ്യപ്പെടും. അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തെ നയിക്കാൻ നമ്മൾ അനുവദിക്കരുത്.

Tags:    
News Summary - If you see these riot pictures, you will automatically drive away the communal lunatics; Viral post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.