പനാജി: വിവാദ പ്രസ്താവനയുമായി ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണ മെന്നുള്ളവർ ഹിന്ദു സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ഭയ്യാജി ജോഷി പറഞ്ഞു. 'വിശ്വഗുരു ഭാരത് -ആർ.എസ്.എസ് കാഴ്ചപ്പാട്' എന്ന വിഷയത്തിൽ ഗോവയിലെ പനാജിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഹിന്ദുവിൽ നിന്ന് വേർതിരിച്ച് കാണാനാവില്ല. കാലാതീത കാലം മുതൽക്കേ ഇന്ത്യയുടെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചത് ഹിന്ദുക്കളാണ്. രാഷ്ട്രത്തിന്‍റെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ഹിന്ദുവാണ്.
ഹിന്ദുക്കൾക്കിടയിൽ ഐക്യം ഉണ്ടാക്കുക എന്നാൽ മറ്റ് സമുദായങ്ങൾക്കെതിരെ പ്രവർത്തിക്കുകയെന്നല്ല. ഹിന്ദുക്കൾ ശക്തിപ്രാപിക്കുന്നത് ഒരിക്കലും അക്രമപ്രവർത്തനങ്ങളിലേക്ക് നയിക്കില്ലായെന്ന് ലോകത്തോട് ആത്മവിശ്വാസത്തോടെ പറയാൻ നമുക്കാവും.
മറ്റ് രാജ്യങ്ങളെ ഹിന്ദുക്കൾ ഒരിക്കലും ആക്രമിച്ച് കീഴടക്കിയിട്ടില്ല. യുദ്ധങ്ങളെല്ലാം സ്വയം പ്രതിരോധത്തിനുള്ളതായിരുന്നു. ഹിന്ദുവിന്‍റെ പ്രത്യയശാസ്ത്രം ലോകം അംഗീകരിക്കുമ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. ലോകത്തിന് ആ മാർഗം കാണിച്ചുകൊടുക്കുകയാണ് ഇന്ത്യയുടെ ധർമമെന്നും ജോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.