പ്രജ്വൽ രേവണ്ണ (വലത്തുനിന്ന് രണ്ടാമത്) മോദിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പ്രജ്വല്‍ രേവണ്ണയുടെ 3000ത്തോളം അശ്ലീല വിഡിയോകൾ ഉണ്ടെന്ന കത്ത് അവഗണിച്ചു, മോദി വേദി പങ്കിട്ടു; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

ബെംഗളൂരു: ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വിഡിയോകളെക്കുറിച്ച് പാർട്ടി നേതാക്കള്‍ നേരത്തെ അറിഞ്ഞിട്ടും മൗനം പാലിച്ചതിന്റെ തെളിവുകൾ പുറത്തുവരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തതോടെ ബി.ജെ.പിയും പ്രതിക്കൂട്ടിൽ. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. മൂവായിരത്തോളം വിഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രക്ക് നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇത് ദേശീയതലത്തില്‍ പോലും ബി.ജെ.പിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു.

ഈ വിഡിയോകളും ഫോട്ടോകളും അടങ്ങിയ പെന്‍ഡ്രൈവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹാസനില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചാല്‍ ഈ വിഡിയോകള്‍ ഒരു 'ബ്രഹ്‌മാസ്ത്രം' ആയി ഉപയോഗിക്കപ്പെടും. ഒരു പീഡനക്കേസ് പ്രതിയുടെ കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്നാല്‍ പാര്‍ട്ടിക്കും കളങ്കമുണ്ടാക്കും. ദേശീയതലത്തില്‍ ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. കത്ത് കോൺഗ്രസ് നേതാവ് പവൻ ഖേര എക്സിൽ പങ്കുവെച്ചു.

വിഡിയോകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടതും ഏറെ വിവാദങ്ങൾക്കിടയാക്കി. രക്ഷപ്പെടാൻ സഹായിച്ചത് ബി.ജെ.പിയാണെന്ന ആരോപണവുമായി മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയും രംഗത്തെത്തി. സംഭവത്തിൽ മോദിയുടെ മൗനത്തെയും ചോദ്യം ​ചെയ്ത കോൺഗ്രസ് പരസ്യ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പെ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വിഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുജോലിക്കാരിയായ 47കാരി പ്രജ്വല്‍ രേവണ്ണക്കും പിതാവും എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണക്കും എതിരെ പീഡനപരാതിയുമായി രംഗത്തെത്തി. എം.എല്‍.എയായ രേവണ്ണയും എം.പിയായ മകന്‍ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ജോലിക്ക് ചേര്‍ന്ന് നാലുമാസത്തിന് ശേഷം എച്ച്.ഡി. രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. വീട്ടില്‍ ആറ് വനിത ജോലിക്കാരുണ്ടായിരുന്നു. രേവണ്ണ ഇവരെ എല്ലായ്‌പ്പോഴും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് സ്റ്റോര്‍റൂമിലേക്ക് അടക്കം വനിതാ ജോലിക്കാരെ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ മോശംരീതിയില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. മകന്‍ പ്രജ്വല്‍ രേവണ്ണ വീട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. വീട്ടിലെ പുരുഷ ജോലിക്കാർ വനിത ജോലിക്കാരോട് സൂക്ഷിക്കാൻ മുന്നറിയിപ്പും നൽകിയിരുന്നു. തന്റെ മകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നതിനാൽ നമ്പര്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, പ്രചരിക്കുന്ന വിഡിയോകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന് വാദിച്ച് പ്രജ്വലും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജെ.ഡി.എസ് എം.എല്‍.എയായ ശരണഗൗഡ കണ്ഡകര്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്ക് കത്തുനല്‍കി. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ആണ് ഹാസനിൽ പ്രജ്വൽ രേവണ്ണയുടെ പ്രധാന എതിരാളി. 

Tags:    
News Summary - Ignored letter about Prajwal Revanna's 3000 obscene videos, Modi shared the stage; BJP is also in trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.