ഗുവാഹത്തി: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗുവാഹത്തി ഐ.ഐ.ടി വിദ്യാർഥിയെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ബയോസയൻസ് നാലാം വർഷ വിദ്യാർഥിയായ തൗസീഫ് അലി ഫാറൂഖിയാണ് അറസ്റ്റിലായത്.
ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഫാറൂഖിയിൽനിന്ന് ഐ.എസ് ബന്ധം തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതായി അസം പൊലീസിന്റെ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് ഇൻസ്‌പെക്ടർ ജനറൽ പാർത്ഥസാരഥി മഹന്ത അറിയിച്ചു. പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ഡൽഹി സ്വദേശിയായ ഫാറൂഖിയെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.എസിന്റെ ഇന്ത്യയിലെ തലവൻ ഹാരിസ് ഫാറൂഖി എന്ന ഹരീഷ് അജ്മൽ ഫാറൂഖിയും കൂട്ടാളി അനുരാഗ് സിങ് എന്ന റെഹാനും ധൂബ്രി ജില്ലയിൽ അറസ്റ്റിലായി മൂന്ന് ദിവസത്തിന് ശേഷമാണ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്.
ഡൽഹി സ്വദേശിയായ ഫാറൂഖി പ്രഫഷനൽ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ ഐ.എസിൽ ചേരാനുള്ള കാരണം വ്യക്തമാക്കി തുറന്ന കത്തെഴുതിയിരുന്നു. പിന്നാലെ ഫാറൂഖിക്കുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഗുവാഹത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹാജോയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.