കൊൽക്കത്ത: ഐ.ഐ.ടി ഖൊരക്പുർ വിദ്യാർഥി ഫൈസാൻ അഹമ്മദിന്റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിന് മുമ്പ് ദേഹത്ത് പരിക്കുകളേറ്റിട്ടുണ്ടെന്നും അതിനാൽ മരണം കൊലപാതകമാകാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 23 കാരനായ വിദ്യാർഥി മരിച്ചത്. മരണം നടന്നതിനു പിന്നാലെ ആത്മഹത്യയാണെന്ന് കോളജ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കുടുംബാംഗങ്ങൾ കൊൽക്കത്ത ഹൈകോടതിയെ സമീപിക്കുകയും കൊലപാതകമാണെന്ന സംശയമുന്നയിക്കുകയുമായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ധർ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിരവധി പഴുതുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് മൂന്നാഴ്ച മുമ്പാണ് അസമിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊൽക്കത്തയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. കോടതി നിയോഗിച്ച വിദഗ്ധന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
കഴിഞ്ഞ ഒക്ടോബർ 14 നാണ് ഫൈസാന്റെ മൃതദേഹം അഴുകിയ നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. അതിനു പിന്നാലെ മരണം ആത്മഹത്യയാണെന്ന് ഖൊരക്പൂർ ഐ.ഐ.ടി അധികൃതർ പറഞ്ഞിരുന്നു. കേസ് നിരുത്തരവാദ പരമായി കൈകാര്യം ചെയ്തതിന് ഹൈകോടതി ഖൊരക്പൂർ ഐ.ഐ.ടി അധികൃതരെ ശാസിച്ചു. വിദ്യാർഥി റാഗിങ് പരാതി ഉന്നയിച്ചിരുന്നെന്നും മരണം ഒളിച്ചുവെക്കാൻ കോളജ് അധികൃതർ ശ്രമിച്ചുവെന്നും വിദ്യാർഥിയുടെ രക്ഷിതാക്കളും ആരോപണം ഉന്നയിച്ചു. തുടർന്നാണ് സത്യം കണ്ടെത്താൻ രണ്ടാംപോസ്റ്റുമോർട്ടം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്. റാഗിങ് വിഷയത്തിൽ നടപടി സ്വീകരിക്കാത്തതിന് നേരത്തെ ഐ.ഐ.ടി ഡയറക്ടറേയും കോടതി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.