ന്യൂഡൽഹി: ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് ചാര സോഫ്റ്റ്വെയറായ പെഗസസ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി വാങ്ങിയതിന് രേഖകളുണ്ടെന്ന് ഓർഗനൈസ്ട് ക്രൈം ആന്‍ഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചാര സോഫ്റ്റുവെയറുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഒ.സി.സി.ആർ.പി വക്താക്കളായ ശരദ് വ്യാസ്, ജറെ വാൻ ബെർഗൻ എന്നിവർ പറഞ്ഞു.
തീവ്രവാദ സംഘടനകൾക്കെതിരെ ഉപയോഗിക്കാനാണ് ഇത് വാങ്ങിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള വാണിജ്യ ഷിപ്പ്‌മെന്റുകളുടെ ഇറക്കുമതി-കയറ്റുമതി വിശദാംശങ്ങൾ ഉള്ള വ്യാപാര വെബ്‌സൈറ്റ് വഴിയാണ് ഡാറ്റ ആക്‌സസ് ചെയ്തതെന്ന് ഒ.സി.സി.ആർ.പി പറയുന്നു. കയറ്റുമതി ഉപകരണങ്ങൾക്ക് രണ്ട് കോടി രൂപയായി.
2017ൽ ഇന്ത്യ- ഇസ്രായേലുമായി നടത്തിയ ആയുധ ഇടപാടിൽ പെഗസസ് ചാര സോഫ്റ്റ്‍വെയർ കേന്ദ്ര സർക്കാർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്തിരുന്നു. പെഗസസ് സൈനിക-ഗ്രേഡ് സ്പൈവെയറാണ്. ഇസ്രായേലിന്റെ കയറ്റുമതി നിയമപ്രകാരം ഒരു സർക്കാർ സ്ഥാപനത്തിനു മാത്രമെ ഇത് വാങ്ങാൻ സാധിക്കൂ.
എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ സുപ്രീംകോടതി ജഡ്ജി, മുൻ അറ്റോണി ജനറലിന്റെ അടുത്ത സഹായി,40ാളം മാധ്യമപ്രവർത്തകർ തുടങ്ങി 142 ഇന്ത്യക്കാരുടെ മൊബൈൽ ഫോണുകളിൽ ഇസ്രായേൽ ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ചാരവൃത്തി നടത്തിയെന്ന് മാധ്യമ സംഘടനകളുടെ അന്താരാഷ്ട്ര കൺസോർഷ്യമായ പെഗസസ് പ്രോജക്ട് തെളിയിച്ചു. 2017 ഏപ്രിൽ 18നാണ് ഐ.ബിക്ക് ഈ സോഫ്റ്റ്‍വെയർ ലഭിച്ചത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരവിഷയമാണെന്ന് പറഞ്ഞസുപ്രീം കോടതി ഇതിന്‍റെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മറ്റി രൂപീകരിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ സർക്കാർ വിസമ്മതിച്ചതായി സമിതി അറിയിച്ചു. പെഗസസും മിസൈൽ സംവിധാനങ്ങളും 2017 ൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ നടത്തിയ സുപ്രധാന ആയുധ ഇടപാടുകളാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.