ബംഗളൂരു: കർണാടകയിൽ വിവാദമായ മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) പ്രാബല്യത്തിലായി. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ഒപ്പുവെച്ചതോടെയാണിത്. തുടർന്ന് നിയമം പ്രാബല്യത്തിലായെന്ന് ബി.ജെ.പി സർക്കാർ വിജ്ഞാപനവുമിറക്കി. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിലാണ് ബിൽ കഴിഞ്ഞമാസം നിയമസഭ പാസാക്കിയത്. കഴിഞ്ഞ ഡിസംബറിൽ ബിൽ ഒരു തവണ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഉപരിസഭയായ നിയമ നിർമാണ കൗൺസിലിന്‍റെ അംഗീകാരം നേടാനായില്ല. തുടർന്ന് കൗൺസിലിനെ മറികടന്ന് നിയമം പ്രാബല്യത്തിൽ വരുത്താൻ കഴിഞ്ഞ മേയിൽ സർക്കാർ ബിൽ ഓർഡിനൻസായിറക്കി.
ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ബി.ജെ.പിക്ക് ഭൂരിപക്ഷമായ ശേഷം കഴിഞ്ഞ മാസമാണ് ബിൽ കൗൺസിലിൽ പാസാക്കിയത്. തുടർന്ന് ഭേദഗതികളോടെ നിയമസഭ വീണ്ടും പാസാക്കുകയായിരുന്നു. കോൺഗ്രസിന്‍റെ ഇറങ്ങിപ്പോക്കടക്കം പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇത്. ഓർഡിനൻസ് ഇറക്കിയ 2022 മേയ് 17 മുതൽ നിയമത്തിന് പ്രാബല്യമുണ്ടാകുമെന്നതായിരുന്നു ഭേദഗതി. ഏത് തരത്തിലുള്ള മതം മാറ്റവും നിയമത്തിന്‍റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകൾ. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളംവെക്കുന്നതാണ് പുതിയ നിയമമെന്നാണ് വ്യാപക ആരോപണം. ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്തശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിനു വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും. മതം മാറാൻ ആഗ്രഹിക്കുന്നയാൾ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് (ഡി.സി) അപേക്ഷ നൽകണം. എസ്.സി, എസ്.ടി വിഭാഗത്തിൽനിന്നോ പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നവർക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും അരലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.
പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്നു വർഷം മുതൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനത്തിന് മൂന്നു വർഷം മുതൽ പത്തുവർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.