അഹ്മദാബാദ്: "21 വർഷം വൈകിയിട്ടും കോടതിയിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. കോടതിക്ക് മനസ്സാക്ഷി ഉണ്ടാകുമെന്ന് വിശ്വസിച്ചു. ചെറിയ കുറ്റങ്ങളിൽ പ്രതികളായവരെ കുറ്റവിമുക്തരാക്കിയാലും കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരിൽ ചിലരെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ വിശ്വസിച്ചു. 2002ൽ 11പേർ കൊല്ലപ്പെട്ടു, ഇന്ന് നീതി തന്നെ കൊലചെയ്യപ്പെട്ടു” നരോദഗാം കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷൻ സാക്ഷിയായ ഇംതിയാസ് അഹമ്മദ് ഹുസൈൻ ഖുറൈഷി. രണ്ടു പതിറ്റാണ്ടിലധികം നീണ്ട നിയമ പോരാട്ടത്തിന് ശേഷം നീതി നിഷേധിക്കപ്പെട്ടതിലെ ഇരകളുടെ വികാരം വരച്ചുകാട്ടുന്നതായിരുന്നു ഖുറൈഷിയുടെ പ്രതികരണണം.
2002 ഫെബ്രുവരി 28നാണ് അഹമ്മദാബാദ് നഗരത്തിലെ നരോദഗാമില്‍ കൂട്ടക്കൊല നടന്നത്. കേസിൽ ബി.ജെ.പി മുന്‍ മന്ത്രി മായ കോദ്‌നാനിയും മുൻ ബജ്റങ്ദള്‍ നേതാവ് ബാബു ബജ്റംഗിയും ഉൾപ്പെടെയുള്ള 67 പ്രതികളെയും ഇന്നലെ കോടതി വെറുതെവിട്ടിരുന്നു. “മനസ്സാക്ഷിയില്ലാത്ത വിധി എന്നാണ് ഇരകൾ ഇതിനെ വിശേഷിപ്പിച്ചത്.
"മുൻ വി.എ.ച്ച്പി നേതാവ് ജയ്ദീപ് പട്ടേൽ, പ്രദ്യുമൻ പട്ടേൽ, അന്നത്തെ സിറ്റിങ് കൗൺസിലർമാരായ വല്ലഭ് പട്ടേൽ, അശോക് പട്ടേൽ എന്നിവരുൾപ്പെടെ 17 പ്രതികളെ ഞാൻ തിരിച്ചറിഞ്ഞു. അവർ ജനക്കൂട്ടത്തെ ആക്രമണത്തന് പ്രേരിപ്പിക്കുന്നതും മസ്ജിദ് കത്തിക്കാൻ ആംഗ്യത്തിലൂടെ നിർദേശം നൽകുന്നതും കണ്ടിട്ടുണ്ട്. അവർ കുടുംബങ്ങളെ ചുട്ടുകൊല്ലുന്നത് കണ്ടു. അഞ്ച് പേർ എന്റെ കൺമുന്നിൽ ചുട്ടുകൊല്ലപ്പെട്ടു. ഞാൻ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും ഓർത്തുവച്ചു. ഞാൻ എല്ലാ തെളിവുകളും നൽകി" ഖുറൈഷി നെടുവീർപ്പെട്ടു.
ഈ വിധിയോടെ നീതി ന്യായ വ്യവസ്ഥയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവർ ആത്മഹത്യ ചെയ്തതായിരുന്നോ?. അവർ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നോ? ഖുറൈഷി ചോദിക്കുന്നു. തങ്ങൾ നിയമ യുദ്ധം തുടരുമെന്നും വിധിക്കെതിരേ ഗുജറാത്ത് ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"21 വർഷം കഴിഞ്ഞെങ്കിലും കൂട്ടക്കൊലയുടെ രംഗങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. കുംഭർ വാസിലേക്ക് ഒരു നവവധു വന്നിരുന്നു. അവൾ വിവാഹം കഴിച്ചിട്ട് 15 ദിവസം പോലും ആയിട്ടില്ല. അവളെ കുത്തുന്നത് എന്റെ കണ്ണുകൊണ്ട് ഞാൻ കണ്ടു.അവൾ പിന്നീട് മാതാവിന്‍റെ അടുത്തേക്ക് മടങ്ങി. അവളുടെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു, നമ്മൾ കണ്ടതെല്ലാം കള്ളമാണോ?" ഖുറൈഷി ചോദിച്ചു. തന്‍റെ ഭർത്താവിനെയും മാതാവിനെയും ഭർതൃസഹോദരൻമാരെയും അക്രമികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ പിന്നീട് പൊലീസ് കമ്മീഷണർക്ക് നൽകിയൽ പരാതിയിൽ പറഞ്ഞതായി നാനാവതി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. മറ്റൊരു സാക്ഷിയായ ഷെരീഫ് മാലിക് 13 പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഭരണ കൂടങ്ങൾ സ്പോൺസർ ചെയ്യുന്ന ന്യൂനപക്ഷ അതിക്രമങ്ങളിൽ പ്രതികളാക്കപ്പെടുന്നവർ രക്ഷപ്പെടുമെന്ന് സൂചിപ്പിക്കുന്നതാണ് വിധിയെന്ന് ഷെരീഫ് മാലിക് അഭിപ്രപായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.