മുംബൈ: പിതാവിന്റെ സഹോദരൻ സ്ഥാപിച്ച എൻ.സി.പി പിളർത്തി സ്വന്തമാക്കിയതിന് പിന്നാലെ കുടുംബ തട്ടകമായ ബാരാമതിയും പിടിച്ചെടുക്കാനൊരുങ്ങി അജിത് പവാർ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതി ലോക്സഭ മണ്ഡലത്തിൽ പവാറിന്റെ മകൾ സുപ്രിയ സുലെക്ക് എതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിക്കാനാണ് നീക്കം. ഫോട്ടോ പതിച്ച വാഹനത്തിൽ ഉച്ചഭാഷിണിയും പൊതു പരിപാടികളുമായി സുനേത്ര മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർച്ചയായി മൂന്നു തവണ സുപ്രിയ ജയിച്ച മണ്ഡലമാണിത്. മുമ്പ് ആറു തവണ പവാറും ഒരിക്കൽ അജിത്തും ബാരാമതിയിൽ ജയിച്ചിട്ടുണ്ട്.
സുനേത്ര മത്സരിക്കുകയാണെങ്കിൽ ആദ്യമായാകും പവാർ കുടുംബം നേർക്കുനേർ പോരടിക്കുന്നത്. സുനേത്ര മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നതായും എന്നാൽ, അന്തിമ തീരുമാനമായിട്ടില്ലെന്നും അജിത് പക്ഷ സംസ്ഥാന അധ്യക്ഷൻ സുനിൽ തട്കരെ പറഞ്ഞു. വർഷങ്ങളായി പവാറിൽനിന്ന് ബാരാമതി പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമം നടത്തിവരുന്നുണ്ട്. ഇത്തവണ അജിത്തിലൂടെ പവാർ കുടുംബത്തിലും അണികളിലും ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ആരോപണം. പവാറിന്റെ വലംകൈയും എൻ.സി.പി പടുത്തുയർത്തിയതിൽ പങ്കാളിയുമായ പദംസിങ് പാട്ടീലിന്റെ സഹോദരിയാണ് സുനേത്ര. പദംസിങ്ങിന്റെ മകൻ റാണ ജഗ്ജീത് സിങ് പാട്ടിൽ ബി.ജെ.പി എം.എൽ.എയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.