ബംഗളൂരു: ബ്രാഹ്മണ യുവതികൾക്ക് പ്രത്യേക വിവാഹ പദ്ധതിയുമായി യദ്യൂരപ്പ സർക്കാർ. കർണാടകയിലെ ബ്രാഹ്മണ വികസന ബോർഡാണ് പുതിയ രണ്ട് പദ്ധതികൾ ആരംഭിച്ചത്. 'അരുന്ധതി', 'മൈത്രേയി' എന്നിങ്ങനെയാണ് പദ്ധതികളുടെ പേര്. ബ്രാഹ്മണരിലെ സാമ്പത്തികമായി താഴ്ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ആദ്യത്തെ പദ്ധതിയായ അരുന്ധതി പ്രകാരം 25,000 രൂപ ബ്രാഹ്മണ വധുക്കൾക്ക് നൽകുമെന്ന് ബോർഡ് അറിയിച്ചു. രണ്ടാമത്തെ പദ്ധതിയായ മൈത്രേയി അനുസരിച്ച് പൂജാരിമാരെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ സ്ത്രീകൾക്ക് മൂന്ന് ലക്ഷം രൂപ നൽകും.
പണം ലഭിക്കാൻ വധുക്കൾക്ക് ചില നിബന്ധനകൾ പാലിക്കേണ്ടിവരുമെന്ന് ബോർഡ് ചെയർമാൻ എച്ച്.എസ്. സച്ചിദാനന്ദ മൂർത്തി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമാകും പണം ലഭിക്കുക. വധു ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളവരായിരിക്കുക മാത്രമല്ല, അത് അവളുടെ ആദ്യ വിവാഹമായിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. വിവാഹിതരായ ദമ്പതികൾ ഒരു നിശ്ചിത സമയത്തേക്ക് വിവാഹമോചിതരാകില്ലെന്ന ഉറപ്പും നൽകണമെന്നും സച്ചിദാനന്ദ മൂർത്തി പറഞ്ഞു. അരുന്ധതി പദ്ധതിക്കായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 500 ഓളം പെൺകുട്ടികളെ കണ്ടെത്തിയതായി ബ്രാഹ്മണ ബോർഡ് അറിയിച്ചു.
പൈലറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി 25 വധുക്കളെ മൈത്രേയി പദ്ധതിക്കായി തിരഞ്ഞെടുത്തു. ബ്രാഹ്മണ സമുദായത്തെ പ്രീണിപ്പിക്കുന്നതിന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തിയ ഏറ്റവും പുതിയ നടപടിയാണ് പുതിയ പദ്ധതി. പൂജാ ആചാരങ്ങളിലും സന്ധ്യ വന്ദനയിലും (സായാഹ്ന പ്രാർത്ഥന) പരിശീലനം നേടാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന 4,000 ത്തോളം പേർക്ക് പ്രതിമാസം 500 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സ്കീമിന്‍റെ പ്രായപരിധി 8-80 വയസ്സിനിടയിലാണ്.
മോദി സർക്കാർ ഉയർന്ന ജാതിക്കാർക്കായി സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) സംവരണം ഏർപ്പെടുത്തിയതിനുശേഷം കഴിഞ്ഞ ജൂലൈയിൽ മാത്രമാണ് ബ്രാഹ്മണ ബോർഡ് രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.