ഭോപാൽ: പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ സ്വന്തം മകളുടെ മൃതദേഹം പിതാവ് കട്ടിലിൽ കിടത്തി ചുമന്നത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിൻഗ്രൗലി ജില്ലയിലാണ് സംഭവം.
ആത്മഹത്യ ചെയ്ത 16കാരിയുടെ മൃതദേഹം കട്ടിലിലേറ്റി കാൽനടയായി ആശുപത്രിയിലേക്ക് നീങ്ങുന്ന പിതാവ് ധീരപതി സിങ് ഗോണ്ടിന്‍റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മേയ് അഞ്ചിനാണ് കൗമാരക്കാരി ജീവനൊടുക്കിയത്. ഗദായ് ഗ്രാമത്തിലെ ഇവരുടെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ 35 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു.
പണമില്ലാത്തതിനാൽ കുടുംബത്തിന് ഒരു വാഹനം വാടകക്ക് വിളിക്കാൻ സാധിച്ചില്ല. അധികൃതർ മറ്റ് സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനെ തുടർന്ന് കട്ടിലിൽ കിടത്തി കൊണ്ടുപോകാൻ കുടുംബം നിർബന്ധിതരാവുകയായിരുന്നു. കുറച്ച് ഗ്രാമീണരുടെ കൂടെ രാവിലെ നടന്നു തുടങ്ങിയ ബന്ധുക്കൾ ഏഴു മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിയത്.
'രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ നടത്തമാണ്. വൈകീട്ട് നാലുമണിക്കാണ് എത്തിയത്. കട്ടിൽ ചുമന്ന് ഞങ്ങൾ എല്ലാവരും ക്ഷീണിതരായിട്ടുണ്ട്. ഇത്രയും വലിയൊരു പ്രശ്നത്തിന് ആരും ഒരു പരിഹാരമുണ്ടാക്കിയില്ല' -ധീരപതി സിങ് ഗോണ്ട് പറഞ്ഞു.
തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്ന് റോഡ് ഉണ്ടെങ്കിലും അധികൃതർ വാഹന സൗകര്യം ഏർപെടുത്തിയില്ലെന്ന് അദ്ദേഹം ആേരാപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കൊണ്ട് പോകാൻ തങ്ങൾക്ക് ഫണ്ട് ഒന്നും ലഭ്യമല്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനായ അരുൺ സിങ്ങിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.