ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്തായിരുന്നു ലയന ചടങ്ങ്. ഇതിന് മുന്നോടിയായി കാവി ധരിച്ച നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രത്യേക റാലിയും നടന്നു. ലയന ചടങ്ങിൽ ജയ് ശ്രീറാം വിളികളുമുയർന്നു.
ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന ബി.ജെ.പി നേതാവ് കൂടിയായിരുന്ന ബജ്റങ് സേന കൺവീനർ രഘുനന്ദൻ ശർമ സ്ഥാനം രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിമുതൽ കോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ബജ്റങ് സേന ദേശീയ പ്രസിഡന്റ് രജ്നിഷ് പടേറിയ പ്രഖ്യാപിച്ചു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷിയാണ് ലയനത്തിന് ചരടു വലിച്ചതെന്നാണ് വിവരം. ലയന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾക്കും ബജ്റങ് സേന ദേശീയ-സംസ്ഥാന ഭാരവാഹികൾക്കുമൊപ്പം ദീപക് ജോഷിയും ഉണ്ടായിരുന്നു.
2013ലാണ് ബജ്റംഗ് സേന രൂപവത്കരിച്ചത്. തീവ്ര ഹിന്ദുത്വ ആശയങ്ങൾ പേറുന്ന സംഘടന കോൺഗ്രസിൽ ലയിച്ചത് ആശയ സംഘട്ടനത്തിന് കാരണമാകില്ലേയെന്ന ചോദ്യം മാധ്യമ വിഭാഗം തലവൻ കെ.കെ. മിശ്ര തള്ളി. പഴയ ആശയങ്ങളെല്ലാം ഉപേക്ഷിച്ച് പൂർണമായും കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിക്കുന്നതായി ബജ്റങ് സേന ഭാരവാഹികൾ ലയന ചടങ്ങിൽ പ്രഖ്യാപിച്ചതായും കോൺഗ്രസ് പ്രവർത്തകരായി മാറിയ സാഹചര്യത്തിൽ ആശയസംഘട്ടനമെന്ന സംശയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.