ഭോപാൽ: മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രതിപക്ഷമായ കോൺഗ്രസിലെ മുൻ എം.എൽ.എ ബി.ജെ.പിയിൽ. േജാബത്തിലെ സുലോചന റാവത്താണ് ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നത്. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ സാന്നിധ്യത്തിലായിരുന്നു റാവത്തിന്‍റെയും വിശാൽ റാവത്തിന്‍റെയും ബി.ജെ.പി പ്രവേശനം.
പാർട്ടിയുടെ പ്രത്യയശാസ്ത്രവും ആദിവാസി ജനതക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമാണ് ഇവരെ ബി.ജെ.പിയിലേക്ക് ആകർഷിച്ചതെന്ന് ബി.ജെ.പി നേതാവ് വി.ഡി. ശർമ പറഞ്ഞു. മധ്യപ്രദേശിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേയും ഒരു ലോക്സഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 30ന് നടക്കും.
ജോബത്തിൽ കോൺഗ്രസിന്‍റെ മുഖങ്ങളിലൊന്നായിരുന്നു സുലോചന റാവത്ത്. 1998ലും 2008ലും കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയിരുന്നു. അതേസമയം റാവത്തിന് പാർട്ടിയെ പുറംതള്ളിയ ചരിത്രമുണ്ടെന്ന് കോൺഗ്രസ് വക്താവ് സയിദ് സഫർ ആരോപിച്ചു.
ജോബത്ത് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സുലോചനയെ സ്ഥാനാർഥിയാക്കുമോ എന്ന കാര്യം വ്യക്തമല്ല. കോൺഗ്രസ് എം.എൽ.എ കാലാവതി ബുരിയ അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
നിവാരിയിലെ പൃഥ്വിപൂർ, സത്ന ജില്ലയിലെ റായ്ഗോൺ എന്നിവിടങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു മണ്ഡലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.