ലഖ്നോ: ഉത്തർപ്രദേശിൽ ഏഴുമണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ച 'മൃതദേഹം' പുറത്തെടുത്തത് 'ജീവനോടെ'. മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം.
ബൈക്ക് ഇടിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ 40കാരൻ മരിച്ചതായി അറിയിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് ഏഴുമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ബന്ധുക്കൾ സമ്മതപത്രം എഴുതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസിന്‍റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തപ്പോൾ കുമാറിന്‍റെ ഭാര്യാസഹോദരി മൃതദേഹത്തിന് അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോയിൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും പറയുന്നത് കേൾക്കാം.
'എമർജൻസി മെഡിക്കൽ ഓഫിസർ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച് നോക്കിയിരുന്നു. തുടർന്ന് മരിച്ചതായി അറിയിച്ചു. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോൾ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന' -മൊറാദാബാദ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശിവ സിങ് പറഞ്ഞു.
നിലവിൽ മീററ്റിലെ ആശുപത്രിയിലെ ചികിത്സയിലാണ് കുമാർ. ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.