മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി (എം.വി.എ) വാർധ ലോക്സഭ സീറ്റിനായി അവകാശവാദമുന്നയിച്ച് കോൺഗ്രസും ശരദ് പവാർ പക്ഷ എൻ.സി.പിയും. കാലങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് വാർധ. തുടർച്ചയായി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ രാംദാസ് തടസ്സാണ് ജയിച്ചത്.
എൻ.സി.പി പിളരുകയും അജിത് പവാറിന്റെ ഭാര്യ ബാരാമതി മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വരുകയുംചെയ്തതോടെ പവാറിന്റെ മകളും നിലവിൽ ബാരാമതി എം.പിയുമായ സുപ്രിയ സുലെ വാർധയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഗാന്ധിയുടെ സേവാഗ്രാം ആശ്രമമുള്ള വാർധയിൽ ജനസേവനം ചെയ്യാൻ ആഗ്രഹിക്കുന്നതായാണ് അവർ പറഞ്ഞത്.
എന്നാൽ, മണ്ഡലം കോൺഗ്രസ് വിട്ടുകൊടുത്താൽ ഹർഷവർധൻ ദേശ്മുഖിനാകും ടിക്കറ്റുനൽകുകയെന്ന് പവാർപക്ഷ വൃത്തങ്ങൾ പറഞ്ഞു. മുൻ മന്ത്രിയെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് നീക്കം. എൻ.സി.പിക്ക് മണ്ഡലത്തിൽ നിർണായക സാന്നിധ്യമില്ലെന്ന് കോൺഗ്രസ് പറയുന്നു.
വാർധ ലോക്സഭ മണ്ഡലത്തിനുകീഴിലെ ആറ് നിയമസഭ മണ്ഡലങ്ങളിൽ നാലും ബി.ജെ.പിയാണ് ജയിച്ചത്. ശേഷിച്ചവയിൽ ഓരോന്നിൽ കോൺഗ്രസും സ്വതന്ത്രനും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.