അജിത് പവാറും ഭാര്യ സുനേത്രയും

‘എൻ.ഡി.എക്കൊപ്പമാണ്, പക്ഷേ, ഭാര്യക്ക് ജയിക്കാൻ മുസ്‍ലിം വോട്ട് വേണം’, അജിത് പവാർ ആകെ ‘ബേജാറി’ലാണ്...

മുംബൈ: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിലേക്ക് മാറിയതിനൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് വിമത എൻ.സി.പി നേതാവ് അജിത് പവാർ. ​ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ ഭാര്യ സുനേത്രയെ എൻ.ഡി.എ ടിക്കറ്റിൽ മത്സരിക്കാനിറക്കിയതോടെയാണ് ന്യൂനപക്ഷ വോട്ടുകൾ എതിരാകുമോയെന്ന ഭയം അജിത്തിൽ ശക്തമായത്. ഇപ്പോൾ ദർഗകൾ സന്ദർശിച്ചും ന്യൂനപക്ഷ സമുദായത്തെ വാഴ്ത്തിയും നേതാക്കന്മാരെ സന്ദർശിച്ചുമൊക്കെ മുസ്‍ലിം വോട്ടുകൾ സമാഹരിക്കാനുള്ള തത്രപ്പാടിലാണ് ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാർ.

താൻ മതേതരത്വത്തിലും സമത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്നുവെന്നാണ് ഇപ്പോൾ അജിത്തിന്റെ അവകാശവാദം. തെരഞ്ഞെടുപ്പ് മുൻനിർത്തി മുസ്‍ലിം സമുദായ നേതാക്കളെ കണ്ട് പിന്തുണ തേടുന്ന തിരക്കിലുമാണ് വിമത നേതാവ്. പരമ്പരാഗതമായി എൻ.സി.പിക്കൊപ്പം നിൽക്കുന്ന മഹാരാഷ്ട്രയിലെ വലിയൊരു വിഭാഗം മുസ്‍ലിം വോട്ടുകൾ, ഇക്കുറി എൻ.ഡി.എ പാളയത്തിലെത്തിയ തന്റെ പാർട്ടിക്ക് കിട്ടാനിടയി​ല്ലെന്നതാണ് അജിത്തിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

എൻ.സി.പി നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽ തന്റെ ഭാര്യക്ക് ജയിച്ചുകയറാൻ മുസ്‍ലിം വോട്ടുകൾ വേണമെന്ന വിലയിരുത്തലിലാണ് ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ട് അജിത് തന്ത്രങ്ങൾ പയറ്റുന്നത്. മുൻ കോൺഗ്രസ് എം.എൽ.എ ബാബ സിദ്ദീഖിയെ ഇലക്ഷൻ മുൻനിർത്തി മോഹനവാഗ്ദാനങ്ങൾ നൽകി തങ്ങൾക്കൊപ്പം ചേർക്കുകയായിരുന്നു. പാർട്ടിയുടെ മുസ്‍ലിം മുഖമായി സിദ്ദീഖിയെ ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ പ്രചാരണം.

താൻ മതേതരത്വത്തിന്റെ ശക്തനായ വക്താവാണ് ഇപ്പോഴുമെന്ന് പ്രസംഗങ്ങളിൽ വെച്ചുകാച്ചുന്ന അജിത് പവാർ, ബി.ജെ.പിക്കൊപ്പം ചേർന്നത് ‘തന്ത്രപരമായ’ ചില നിലപാടുകളുടെ ഭാഗം മാത്രമായിരുന്നുവെന്ന് വിശദീകരിക്കുന്ന തിരക്കിലാണി​പ്പോൾ. ഇതിന് ഉപോദ്ബലകമായി, എൻ.സിപിയുമായി തങ്ങൾക്കുള്ളത് ആശയപരമായ കൂട്ടുകെട്ടല്ലെന്നും അടവുനയത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിയെക്കൊണ്ടും പറയിക്കുന്നു.

സുനേത്രക്കെതിരെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത് അജിത്തിന്റെ പിതൃസഹോദരൻ കൂടിയായ ശരദ്പവാറിന്റെ മകൾ സുപ്രിയ സുലെയാണ്. മണ്ഡലത്തിൽ പത്തുശതമാനത്തിലേറെയുള്ള മുസ്‍ലിം വോട്ടുകളിൽ ഭൂരിഭാഗവും സുപ്രിയക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് മുസ്‍ലിം വോട്ടർമാരെ ഏതുവിധേനയും ആകർഷിക്കാൻ അജിത്തും സുനേത്രയും കിണഞ്ഞുശ്രമിക്കുന്നത്. മണ്ഡലത്തിൽ മുസ്‍ലിം വോട്ടർമാരുടെ ഒരു റാലി കഴിഞ്ഞയാഴ്ച ഇവർ വിളിച്ചുചേർത്തെങ്കിലും ആളുകൾ വളരെ കുറവായിരുന്നു. പ്രചാരണത്തിരക്കുകൾക്കിടയിലും ബാരാമതിയിലെ ദർഗകൾ സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന സുനേത്ര, കഴിഞ്ഞ ദിവസം ഖേദ് ശിവപൂരിലെ പീർ ഖമർ അലി ദർവേഷ് ദർഗയിലെത്തിയിരുന്നു. അടുത്ത ദിവസം ബാരാമതി ടൗണിലെ മറ്റൊരു ദർഗയിലുമെത്തി.

ബാരാമതിയിലെ ഉർദു സ്കൂളിന്റെയും മുസ്‍ലിംകളുടെ കമ്യൂണിറ്റി ഹാളായ ശാദിഖാനയുടെയും വികസനത്തിനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ന്യൂനപക്ഷ റാലിക്കിടെ അജിത്തും സുനേത്രയും ​കാര്യമായി ശ്രമിച്ചത്. ബാരാമതിയി​ലെ ഖബർസ്ഥാന് കുറച്ചുകൂടി സ്ഥലം അനുവദിക്കുമെന്ന വാഗ്ദാനവും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വന്നാൽ, മുസ്‍ലിംകളുടെ പുരോഗതിക്കായി തങ്ങൾ ശ്രമം നടത്തുമെന്നും ബാരാമതിയിൽ ഇതുവരെ ജയിച്ചവരൊന്നും മുസ്‍ലിം സമുദായത്തിന്റെ താൽപര്യങ്ങൾക്ക് പരിഗണന നൽകിയിട്ടി​ല്ലെന്നുമൊക്കെ അജിത് പവാർ പറയുന്നു.

മഹാരാഷ്ട്രയിൽ ബി.ജെ.പിയും അജിത് പവാറിന്റെ പാർട്ടിയും വിമത ശിവസേനയും ഉൾപ്പെടുന്ന സഖ്യം ഇതുവരെ സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടില്ല. എന്നാൽ, കഴിഞ്ഞ തവണ എൻ.സി.പി ഒന്നിച്ചു മത്സരിച്ചപ്പോൾ ​നേടിയ ബാരാമതി, ശിറൂർ, സതാറ, റായ്ഗഡ് മണ്ഡലങ്ങൾ അജിത് പവാറിന്റെ പാർട്ടിക്ക് നൽകാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. 

Tags:    
News Summary - In NDA corner, Ajit Pawar reaches out to Muslims: 'Committed to minorities'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.