ന്യൂഡൽഹി: ശ്രദ്ധ വാക്കർ വധക്കേസിൽ പുതിയ വഴിത്തിരിവായി പ്രതി അഫ്താബ് പൂനാവാലയുടെ ശബ്ദരേഖ ലഭിച്ചെന്ന് അന്വേഷണസംഘം. അഫ്താബ് ശ്രദ്ധയുമായി വഴക്കിടുന്നതിന്‍റെ ശബ്ദരേഖയാണ് ലഭിച്ചത്. ഇത് കേസിലെ പ്രധാന തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
28 കാരനായ അഫ്താബ് ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് ഇരുവരും താമസിച്ചിരുന്ന വീട്ടിലെ ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിച്ച ശേഷം ഡൽഹി നഗരത്തിലെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
ഡൽഹി കോടതി ഉത്തരവിന് പിന്നാലെ സി.ബി.ഐയുടെ ഫോറൻസിക് സംഘം ഇന്ന് അഫ്താബിന്റെ ശബ്ദ സാമ്പിൾ ശേഖരിച്ച ശേഷം പുതുതായി ലഭിച്ച ശബ്ദരേഖ ഇതുമായി മാച്ച് ചെയ്യുന്നുണ്ടോയെന്ന് പരിശോധന നടത്തി. സി.ബി.ഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സി.എഫ്.എസ്.എൽ) രാവിലെ പത്ത് മണിയോടെയാണ് ശബ്ദ സാമ്പിൾ പരിശോധിച്ചത്. ഇത് കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടാക്കുമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്.
കോടതി ഉത്തരവിനെതിരെ അഫ്താബിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങിയ പരിശോധനകൾക്ക് മാത്രമേ പ്രതിയുടെ സമ്മതം ആവശ്യമുള്ളൂവെന്ന് കോടതി മറുപടി നൽകി. അഫ്താബിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി വെള്ളിയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. നവംബർ 26 മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിഡിയോ കോൺഫറൻസിലൂടെയാണ് അഫ്താബ് കോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.