ബി.ജെ.പിയുടെ കണ്ണിൽ പാവപ്പെട്ടവരുടെ ജീവന് വിലയില്ല; മഹാരാഷ്ട്രയിലെ കൂട്ടമരണത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നന്ദേഡിൽ സർക്കാർ ആശുപത്രിയിലെ കൂട്ട മരണത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ കണ്ണിൽ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പബ്ലിസിറ്റിക്കായി ബി.ജെ.പി സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

''മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരുന്നുക്ഷാമം കാരണം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചെന്ന വാർത്ത അതീവ ദുഃഖകരമാണ്. മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ബി.ജെ.പി സർക്കാർ അതിന്റെ പബ്ലിസിറ്റിക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവഴിക്കുന്നു, പക്ഷേ കുട്ടികൾക്ക് മരുന്നിന് പണമില്ലേ?ബി.ജെ.പിയുടെ കണ്ണിൽ പാവപ്പെട്ടവരുടെ ജീവന് വിലയില്ല'' -രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി

കൂട്ടമരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രയിൽ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കൾ അടക്കം 24 പേർക്ക് ജീവൻ നഷ്ടമായത്. ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.

മരിച്ച 12 പേരിൽ ആറ് ആണും ആറ് പെൺ കുഞ്ഞുങ്ങളും ഉൾപ്പെടും. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് മരിച്ച മുതിർന്നവർ. ഹൃദ്രോഗം, വിഷബാധ, ഉദരരോഗം, വൃക്കരോഗം, പ്രസവം, അപകടത്തിലേറ്റ പരിക്ക് തുടങ്ങിയ രോഗികളാണ് മരിച്ചത്. ആവശ്യത്തിന് മരുന്നില്ലാത്തതാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ആശുപത്രിയിലെ സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം. വ്യക്തമാക്കി.

Tags:    
News Summary - In the eyes of BJP, the lives of the poor have no value -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.