ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്‍വാദി പാർട്ടി(ബി.എസ്.പി)ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി. ബി.എസ്.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മായാവതിയുടെ പ്രഖ്യാപനം. പാർട്ടി ഒറ്റക്കു മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും മായാവതി വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജനങ്ങൾ ഈ തരത്തിലുള്ള വാർത്തകളാൽ കബളിപ്പിക്കപ്പെടരുതെന്നും ജാഗ്രത കാണിക്കണമെന്നും മായാവതി എക്സ് പോസ്റ്റിൽ കുറിച്ചു.
യു.പിയിൽ ബി.എസ്.പിക്ക് ഒറ്റക്ക് മത്സരിക്കാനുള്ള ശക്തിയുണ്ട്. ഇത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അവർ ഓരോ ദിവസം ഓരോതരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനിറങ്ങിയിരിക്കുന്നത്. ബഹുജൻ സമുദായത്തിന്റെ താൽപര്യം കണക്കിലെടുത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കു മത്സരിക്കാനാണ് ബി.എസ്.പി തീരുമാനിച്ചിട്ടുള്ളത്.-അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബി.എസ്.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 403 അംഗ നിയമ സഭയിലേക്ക് നടന്ന മത്സരത്തിൽ ബി.എസ്.പി ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി കൂട്ടുകൂടി 80 സീറ്റുകളിൽ മത്സരിച്ചെങ്കിലും കഷ്ടിച്ച് 10 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 2019നും 2022നുമിടയിലായി ബി.എസ്.പിയുടെ വോട്ട് വിഹിതം 10 ശതമാനം ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.