ന്യൂഡൽഹി: നമ്മൾ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് കേരള എം.പിമാർക്ക് മർദനം നേരിട്ടതിനോട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുയർത്തിയ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിൽവർ ലൈൻ പദ്ധതിക്കെതിരെ വിജയ് ചൗക്കിൽനിന്ന് പാർലമെന്‍റ് മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ ഡൽഹി പൊലീസാണ് യു.ഡി.എഫ് എം.പിമാരെ മർദിച്ചത്. എം.പി. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്യുകയും ചെയ്തു. ഹൈബി ഈഡനെ മുഖത്തടിക്കുകയും വി.കെ. ശ്രീകണ്ഠനെയും ടി.എൻ. പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും വലിച്ചിഴക്കുകയും എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ എന്നിവരെ ഇടിക്കുകയും ചെയ്തു. പാർലമെന്‍റിൽനിന്ന് വിജയ് ചൗക്കിലേക്കും തിരിച്ചും പതിവായി എം.പിമാരുടെ മാർച്ച് നടക്കാറുള്ള സ്ഥലത്ത് വെച്ചായിരുന്നു ഡൽഹി പൊലീസിന്‍റെ നടപടി.
സിൽവർ ലൈനിന് അന്തിമാനുമതി നൽകണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോദിയെ കാണാൻ കേരള മുഖ്യമന്ത്രി പാർലമെന്റ് മന്ദിരത്തിനുള്ളിലെ പ്രധാനമന്ത്രിയുടെ ഓഫിസിനകത്ത് ഇരിക്കുന്ന നേരത്താണ് പദ്ധതിക്കെതിരെ പ്രതിഷേധമുയർത്തിയ കേരള എം.പിമാരെ ഡൽഹി പൊലീസ് കായികമായി നേരിട്ടത്. ഇരുസഭകളും നടപടി തുടങ്ങാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കേയാണ് സംഭവം.
എ.ഐ.സി.സി ജനറൽ സെകട്ടറി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ബെന്നി ബെഹനാൻ എന്നിവർ വാർത്തസമ്മേളനം നടത്തി സമരത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച ശേഷം കെ-റെയിൽ വിരുദ്ധ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് വളരെ ശാന്തരായി നീങ്ങുകയായിരുന്നു. പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധ ധർണ നടത്താൻ വിജയ് ചൗക്കിൽ നിന്നാണ് എം.പിമാർ പുറപ്പെട്ടത്.
ഇതെല്ലാം കണ്ടുനിന്ന പൊലീസ് പൊടുന്നനെ ബാരിക്കേഡ് വെച്ച് എം.പിമാരെ തടഞ്ഞു. തങ്ങൾ എം.പിമാരാണെന്നും എന്താണീ ചെയ്യുന്നതെന്നും ബെന്നി ബെഹനാനും കൊടിക്കുന്നിൽ സുരേഷും എൻ.കെ. പ്രേമചന്ദ്രനും വിളിച്ചുചോദിച്ചു. ബാരിക്കേഡിൽ കയറി ഹൈബി ഈഡൻ തന്‍റെ കാർഡ് കാണിച്ചു. പ്രതാപൻ ബാരിക്കേഡ് നീക്കി ഇടയിലൂടെ പോകാൻ നോക്കി.
അപ്പോഴാണ് പൊലീസ് മർദനം തുടങ്ങിയത്. ഐ.ഡി കാണിച്ച ഹൈബിയുടെ മുഖത്തടിക്കുകയും പാർലമെന്‍റിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട രമ്യ ഹരിദാസിനെയും ഡീൻ കുര്യാക്കോസ് അടക്കമുള്ളവരെയും തള്ളുകയും ചെയ്തു. തടസ്സം മറികടന്ന് മുന്നോട്ടുനീങ്ങിയ എം.പിമാരെ കൂട്ടത്തോടെ പിടിച്ചുവലിക്കുകയും തള്ളുകയും വടികൊണ്ട് അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെത്തിയാണ് എം.പിമാരെ പോകാൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.