‘വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം ഒരു സമുദായത്തെ ലക്ഷ്യമിട്ടുള്ളത്, ഉത്തരവാദിത്തം സംസ്ഥാന സർക്കാറിന്’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക ഏഴുവയസ്സുകാരനായ മുസ്‍ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെകൊണ്ട് തല്ലിച്ച സംഭവം യോഗി സർക്കാറിന്റെ മനഃസാക്ഷിയെ ഞെട്ടിക്കണമായിരുന്നുവെന്ന് സുപ്രീംകോടതി. കുട്ടിയുടെ പിതാവ് ജാമ്യമില്ലാ കുറ്റം ആരോപിച്ച് പരാതി നൽകിയിട്ടും കേസെടുക്കുന്നതിൽ കാലതാമസം വരുത്തിയതിനും പിതാവ് പരാതിയിൽ ഉന്നയിച്ചവ എഫ്.ഐ.ആറിൽ നിന്ന് ഒഴിവാക്കിയതിനും യു.പി പൊലീസിനെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

മത, ജാതി, വർഗ, ലിംഗ ഭേദമില്ലാതെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാറിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണിത്. ഗുരുതരവും ഭീതിജനകവുമായ സംഭവം ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് കൂട്ടിച്ചേർത്തു. സ്കൂളിൽ വംശീയ അതിക്രമത്തിനിരയായ മുസ്‍ലിം വിദ്യാർഥിക്ക് ഉടൻ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്ത് അന്വേഷണത്തിന് യു.പി സർക്കാർ മുതിർന്ന ഐ.പി.എസ് ഓഫിസറെ നിയമിക്കണം. അധ്യാപികക്കെതിരെ നിലവിൽ ചുമത്തിയ വകുപ്പുകൾക്ക് പുറമെ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ വകുപ്പും ബാലനീതി നിയമത്തിലെ 75ാം വകുപ്പും ചുമത്തുന്ന കാര്യം ഐ.പി.എസ് ഓഫിസർ പരിഗണിക്കണം.

ഇരയുടെ തുടർ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം പൂർണമായും യു.പി സർക്കാർ ഏറ്റെടുക്കണം. വിദ്യാഭ്യാസ നിയമപ്രകാരം കുട്ടിക്ക് അവകാശപ്പെട്ട ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ എന്തുചെയ്തുവെന്ന് സർക്കാർ വ്യക്തമാക്കണം. തല്ലേറ്റ മുസ്‍ലിം വിദ്യാർഥിയെയും അധ്യാപിക കൽപിച്ചതുകേട്ട് തല്ലിയ ഹിന്ദു വിദ്യാർഥികളെയും കൗൺസലിങ്ങ് നടത്തണം.

ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയും കേസിൽ കക്ഷിയാക്കാൻ ഉത്തരവിട്ട സുപ്രീംകോടതി ഇരയുടെ തുടർവിദ്യാഭ്യാസവും കുട്ടികളുടെ കൗൺസലിങ്ങുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടി കോടതിയെ അറിയിക്കാൻ നിർദേശിച്ചു. ഒരു വിദ്യാർഥിയെ മറ്റു വിദ്യാർഥികളെകൊണ്ട് തല്ലിച്ചിട്ടുണ്ടെങ്കിൽ അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടാകാവുന്ന അങ്ങേയറ്റം മോശമായ ശാരീരിക ശിക്ഷയാണിതെന്ന് സുപ്രീംകോടതി പറഞ്ഞു.

മതത്തിന്റെ പേരിലാണ് തന്റെ മകനെ തല്ലിച്ചതെന്ന് പിതാവ് പൊലീസിന് എഴുതി നൽകിയതാണ്. എന്നാലത് എഫ്.ഐ.ആറിൽ ഇല്ല. കേസ് ഒക്ടോബർ 30ന് വീണ്ടും കേൾക്കുമെന്നും അതിനുള്ളിൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.

സുപ്രീംകോടതി പറഞ്ഞത്

‘‘ഇത് വളരെ ഗുരുതരമായ വിഷയമാണ്. ഒരു പ്രത്യേക സമുദായത്തിൽപെട്ടതായതുകൊണ്ട് സഹപാഠിയെ അടിക്കാൻ ഒരു അധ്യാപിക പറയുക. ഇതാണോ ഗുണപരമായ വിദ്യാഭ്യാസം? ആ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കണം. ആരോപിച്ചത് ശരിയെങ്കിൽ അത് ഭരണകൂടത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കണം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തരീതിയിൽ ഗൗരവമേറിയ എതിർപ്പ് ഞങ്ങൾക്കുണ്ട്. ഒരു പ്രത്യേക മതത്തിനെതിരെ അധിക്ഷേപാർഹമായ കമന്റുകൾ അധ്യാപിക നടത്തി എന്ന് ആദ്യപരാതിയിൽ കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. പൊലീസ് തയാറാക്കിയ റിപ്പോർട്ടിലും അതുണ്ട്. എന്നാൽ, ഈ ആരോപണം പ്രഥമവിവര റിപ്പോർട്ടിൽ കാണാനില്ല. വിഡിയോയുടെ പകർപ്പെഴുത്ത് എഫ്.ഐ.ആറിനൊപ്പം ഹാജരാക്കിയതുമില്ല’’.

Tags:    
News Summary - 'Incident of slapping student's face targeted a community, responsibility lies with state government'; Supreme Court with severe criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.