ബി.ബി.സി ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി റെയ്ഡ്

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്കും ന്യൂനപക്ഷ ദുരവസ്ഥക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യുമെന്‍ററി പുറത്തിറക്കി ആഴ്ചകൾക്കകം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ലോകപ്രശസ്ത മാധ്യമ സ്ഥാപനമായ ബി.ബി.സിയുടെ (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) ഓഫിസിൽ. കൃത്യമായ കണക്കുകൾ നൽകാതെ നികുതി വെട്ടിപ്പിലൂടെ വഴിവിട്ട ലാഭമുണ്ടാക്കുന്നുവെന്ന സംശയം മുന്നോട്ടുവെച്ചാണ് ഡൽഹി, മുംബൈ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്.

മാധ്യമ പ്രവർത്തകരെയും മറ്റു ജീവനക്കാരെയും പുറത്തുപോകാനോ അകത്തുകടക്കാനോ അനുവദിച്ചില്ല. ലാപ്ടോപ്, മൊബൈൽ ഫോൺ, കണക്കു പുസ്തകങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. ഡെസ്ക് ടോപ്പുകളും പരിശോധിച്ചു. ധനമന്ത്രാലയത്തിലെ പ്രത്യക്ഷ നികുതി ബോർഡിനുകീഴിൽ വരുന്ന രണ്ടു ഡസനോളം ആദായ നികുതി ഉദ്യോഗസ്ഥരാണ് ഡൽഹി ഹിന്ദുസ്ഥാൻ ടൈംസ് ഹൗസിന്‍റെ അഞ്ച്, ആറ് നിലകളിലായി പ്രവർത്തിക്കുന്ന ബി.ബി.സി ഓഫിസിൽ ഉച്ചക്കുമുമ്പ് എത്തിയത്.

Full View

മുംബൈ സ്റ്റുഡിയോയിലും ഇതേ രീതിയിൽ ഒരേ സമയത്തായിരുന്നു പരിശോധന. ഇന്ത്യയിലെ പ്രവർത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നൽകേണ്ട നികുതി അടക്കാത്തതിന് പലവട്ടം നോട്ടീസ് നൽകിയിട്ടും ബി.ബി.സി അവഗണിച്ചുവെന്നാണ് ആദായനികുതി വൃത്തങ്ങൾ വിശദീകരിച്ചത്. നടന്നത് റെയ്ഡല്ല, കണക്കുകളുടെ സർവേ മാത്രമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു. അതുമായി പൂർണമായി സഹകരിച്ചുവെന്നും, ഉദ്യോഗസ്ഥർ ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നൽകിയെന്നും ബി.ബി.സി ഡൽഹി ഓഫിസ് പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തിൽ മുൻകൂർ അറിയിപ്പുനൽകാതെ പ്രവർത്തനം മുടക്കി പ്രതികാര നടപടിയെന്നോണം നടന്ന പരിശോധന രാജ്യത്തിനകത്തും പുറത്തും വ്യാപകമായി വിമർശിക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിന്‍റെ പുതിയ സംഭവമാണിതെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനവും നിയമം അനുസരിക്കേണ്ടതുണ്ടെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ അസ്വസ്ഥപ്പെടേണ്ട കാര്യമില്ലെന്നുമാണ് ബി.ജെ.പി പ്രതികരണം. 

റെയ്ഡല്ല, സർവേ മാത്രം -ആദായനികുതി വകുപ്പ്

ന്യൂഡൽഹി: ബി.ബി.സിയിൽ നടന്നത് റെയ്ഡല്ല, സർവേ മാത്രമാണെന്ന് വിശദീകരിച്ച് ആദായ നികുതി വകുപ്പ്. രണ്ടും തമ്മിൽ പരിശോധന രീതിയിലും തുടർനടപടികളിലും വ്യത്യാസമുണ്ടെന്നാണ് വാദം. ആദായ നികുതി നിയമത്തിന്‍റെ 133-എ വകുപ്പ് പ്രകാരം നടക്കുന്നതാണ് സർവേ. ബിസിനസ്, പ്രഫഷനൽ സ്ഥാപനങ്ങളിലെല്ലാം കടന്നുചെന്ന് വെളിപ്പെടുത്താത്ത/ഒളിപ്പിച്ച വിവരങ്ങൾ ശേഖരിക്കാൻ അത് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു. കണക്കു പുസ്തകവും രേഖകളും പണവും മറ്റു വസ്തുക്കളുമെല്ലാം പരിശോധിക്കാം. രേഖകളുടെ പകർപ്പെടുക്കാം. ആരുടെയും മൊഴിയെടുക്കാം. നികുതി അടവ് വ്യവസ്ഥകൾ പാലിച്ചില്ലെന്നു കണ്ടാൽ ഇത്തരത്തിൽ സർവേ നടത്താൻ അധികാരമുണ്ട്.

132ാം വകുപ്പനുസരിച്ച് നടക്കുന്ന സെർച്ചിന് ഗൗരവം കൂടും. അതാണ് ഫലത്തിൽ റെയ്ഡ്. സമൻസ് അയച്ചോ, അല്ലാതെയോ നടത്തുന്ന സെർച്ചിന് പൊലീസ് സഹായം തേടാം. ഓഫിസിന്‍റെ പ്രവർത്തന സമയത്ത് മാത്രമേ സർവേ നടത്താവൂ. എന്നാൽ, സെർച്ച് ഏതു സമയത്തുമാകാം. കോടതി നടപടികൾ ഇതിന്‍റെ തുടർച്ചയായി ഉണ്ടാവും. സർവേയുടെ തുടർച്ചയായി ആദായ നികുതി സംബന്ധമായ കേസെടുത്ത് തുടർ നടപടികളിലേക്ക് കടക്കാൻ വകുപ്പിന് കഴിയുമെന്ന കാര്യം ഈ വിശദീകരണങ്ങൾക്കിടയിൽ ബാക്കി. ആദായ നികുതിയുമായി ബന്ധപ്പെട്ട പരിശോധന ബി.ബി.സി പോലൊരു ഓഫിസിൽ വ്യക്തമായ ഉദ്ദേശ്യത്തോടെ മാത്രമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ട്രാൻസ്ഫർ പ്രൈസിങ്, നികുതി അടക്കൽ എന്നിവയിലെ വെട്ടിപ്പാണ് ബി.ബി.സിക്കുമേൽ ആരോപിക്കപ്പെടുന്നത്. മാതൃസ്ഥാപനവുമായി സേവനം പങ്കുവെക്കുന്നതിന് നിശ്ചയിക്കുന്ന തുകയാണ് ട്രാൻസ്ഫർ പ്രൈസ്. ഇതിന്‍റെ നിർണയ രീതികളിലൂടെ നികുതി വെട്ടിപ്പും നടത്തുന്നുവെന്നാണ് സംശയം.

രാത്രിയും തുടർന്ന്​ പരിശോധന

ന്യൂ​ഡ​ൽ​ഹി/മുംബൈ: ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ന്​ ​ബി.​ബി.​സി ഓ​ഫി​സുകളിൽ തു​ട​ങ്ങി​യ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ പ​രി​ശോ​ധ​ന രാ​ത്രി വൈ​കി​യും അ​വ​സാ​നി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച​ത്തേ​ക്ക്​ നീ​ണ്ടേ​ക്കും. വ​ര​വു​ചെ​ല​വ്, ബാ​ക്കി​പ​ത്ര ക​ണ​ക്കു​ക​ൾ​ക്കു പു​റ​മെ, എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ക​മ്പ്യൂ​ട്ട​റു​ക​ൾ പ​രി​ശോ​ധി​ച്ചു. പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്​​ടോ​പ്​ തു​ട​ങ്ങി​യ​വ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം തി​രി​ച്ചു​ന​ൽ​കു​മെ​ന്നാ​ണ്​ ഉ​റ​പ്പ്.

ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ൾ ത​ട​സ്സ​പ്പെ​ട്ട​തി​നൊ​ടു​വി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്തു​പോ​കാ​ൻ അ​നു​വ​ദി​ച്ചു. വ​ർ​ക് ഫ്രം ​ഹോം അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ പ്ര​തി​ദി​ന വാ​ർ​ത്താ​പ​രി​പാ​ടി​ക​ൾ മു​ന്നോ​ട്ടു​നീ​ക്കി. പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്ക​രു​തെ​ന്ന്​ ബി.ബി.സി ജീ​വ​ന​ക്കാ​രോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ത്തി​ന്​ ആ​രും അ​തീ​ത​ര​ല്ലെ​ന്ന്​ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ്​ ഠാ​കു​ർ പ​റ​ഞ്ഞു. 

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബി.ബി.സി ഡോക്യുമെന്‍ററി പുറത്തിറക്കിയപ്പോൾ അത് നിരോധിച്ചു. ഇപ്പോഴിതാ ഓഫിസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് -കോൺഗ്രസ് ട്വിറ്ററിൽ പറഞ്ഞു. 

 കേന്ദ്ര സർക്കാർ നടപടിയെ പരിഹസിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. 'അപ്രതീക്ഷിതം' എന്നായിരുന്നു മെഹുവയുടെ പരിഹാസം. 

ബി.ബി.സി സംപ്രേഷണം ചെയ്ത 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഡോക്യുമെന്‍ററി. ഇതേത്തുടർന്ന് ഹിന്ദുത്വ കേന്ദ്രങ്ങൾ ബി.ബി.സിക്കെതിരെ വ്യാപക വിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി പരിശോധന. 

Tags:    
News Summary - income tax raid in delhi mumbai bbc offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.