യു.എൻ: അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കെ ഐക്യരാഷ്ട്ര സമിതിയുടെ സമ്മേളനത്തിൽ ആഞ്ഞടിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന 'ബഹുരാജ്യ സംവിധാനം എങ്ങനെയാണ് മുന്നോട്ടു പോകുന്നത്', 'ഭീകരവാദത്തെ എങ്ങനെ നേരിടാം' എന്ന വിഷയത്തിലുള്ള സമ്മേളനത്തിലാണ് ഇന്ത്യക്കെതിരെ പാകിസ്താൻ വിമർശനം ഉയർത്തിയത്.
ബഹുരാഷ്ട്ര സംവിധാനങ്ങളെ കുറിച്ച് ഇന്ത്യ സമ്മേളനങ്ങൾ നടത്തുമ്പോൾ കശ്മീരിനെ കുറിച്ചും സംസാരിക്കണമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സമിതി മുമ്പ് പാസാക്കിയ പ്രമേയം ഇന്ത്യ നടപ്പാക്കുന്നില്ല. യു.എൻ രക്ഷാസമിതി പ്രമേയം ആദ്യം നടപ്പാക്കിയിട്ട് വേണം ഇന്ത്യ അധ്യക്ഷത വഹിക്കാനെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
പാക് വിദേശകാര്യ മന്ത്രിയുടെ പരാമർശനത്തിനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശക്തമായ മറുപടി നൽകിയത്. ഇത്തരം പ്രസ്താവനകൾ നടത്താനുള്ള അവകാശം പാകിസ്താനില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഭീകരവാദത്തെ പാകിസ്താൻ ഇപ്പോഴും ശക്തമായി പിന്തുണക്കുകയാണ്. അൽഖാഇദ ഭീകരൻ ഉസാമ ബിൻ ലാദനെ ഒളിപ്പിച്ച രാജ്യമാണ് പാകിസ്താൻ. അത്തരം രാജ്യങ്ങളുടെ സുവിശേഷം യു.എന്നിൽ വേണ്ടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
വെല്ലുവിളി ഉയർത്തുന്ന ഭീകരവാദത്തിനെതിരെ കൂട്ടായ പ്രതികരണവുമായി ലോകം ഒന്നിക്കുമ്പോഴും കുറ്റവാളികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബഹുമുഖ വേദികൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും യു.എന്നിൽ എസ്. ജയശങ്കർ വ്യക്തമാക്കി.
യു.എൻ സുരക്ഷാസമിതി അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത ശേഷം നിരവധി വിഷയങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ ഇന്ത്യക്കെതിരെ ആഞ്ഞടിക്കുക എന്ന നീക്കമാണ് പാകിസ്താൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.