മുംബൈ: ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ പരസ്പരം എന്തു വിട്ടുവീഴ്ച ചെയ്തും ഒറ്റക്കെട്ടാകണമെന്നുറപ്പിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യുടെ മുംബൈ യോഗത്തിന്റെ കൊടിയിറങ്ങി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കഴിയുന്ന ഇടങ്ങളിലെല്ലാം ഒറ്റക്കെട്ടായി മത്സരിക്കും, സീറ്റ്വിഭജനം എത്രയും പെട്ടെന്ന് പൂർത്തിയാക്കും, സാധാരണക്കാരുടെ വിഷയങ്ങളുമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും റാലികൾ നടത്തും, ‘ഒരുമിക്കും ഭാരതം, വിജയിക്കും ഇൻഡ്യ’ എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തും എന്നീ പ്രമേയങ്ങളാണ് വ്യാഴം, വെള്ളി ദിനങ്ങളിൽ നടന്ന യോഗത്തിൽ പാസാക്കിയത്. അജണ്ടയടക്കം സഖ്യത്തിന്റെ നയതന്ത്രങ്ങൾ ആവിഷ്കരിക്കാൻ 14 അംഗ ഏകോപന സമിതിയും അതിനു കീഴിൽ പ്രചാരണം, സമൂഹമാധ്യമം, മാധ്യമങ്ങൾ, ഗവേഷണം എന്നീ ഉപസമിതികളും രൂപവത്കരിച്ചു.
താമസംവിനാ പൊതു അജണ്ടയുമായി ജനങ്ങളിലേക്ക് ഇറങ്ങാനാണ് യോഗത്തിലെ പ്രധാന തീരുമാനം. വരുന്ന ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി രാജ്ഗഡിൽ വെച്ച് പൊതു അജണ്ടയായ ‘ദർശന രേഖ’ പ്രകാശനംചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശം അംഗീകരിച്ചാണിത്. എത്രയും പെട്ടെന്ന് സംസ്ഥാനതലത്തിൽ സീറ്റ് വിഭജനവും പൂർത്തിയാക്കും. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചകൾക്ക് സഖ്യകക്ഷികൾ തയാറാണെന്നാണ് സൂചന.
സമിതികൾ രൂപവത്കരിച്ചെങ്കിലും അവയെ നയിക്കാൻ നേതാക്കളെ തിരഞ്ഞെടുത്തിട്ടില്ല. സഖ്യത്തിന്റെ കൺവീനർ, ലോഗോ വിഷയങ്ങളും മാറ്റിവെച്ചു. സഖ്യത്തിന് കൺവീനറെ നിയോഗിക്കുന്നത് പ്രധാനമന്ത്രി പദവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന് ഇടനൽകുമെന്ന വാദമാണ് യോഗത്തിൽ ഉയർന്നത്. ജനങ്ങളുടെ അഭിപ്രായം തേടിയശേഷം ലോഗോക്ക് രൂപം നൽകാനാണ് തീരുമാനം. മഹാരാഷ്ട്രയിലെ എം.വി.എ സഖ്യമാണ് കൺവീനർ, ലോഗോ വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയത്. മറ്റുള്ളവർ വിയോജിക്കുകയായിരുന്നുവെന്നാണ് വിവരം. ചർച്ചകളിൽ ഒതുങ്ങാതെ കർമപദ്ധതികളുമായി ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ബി.ജെ.പി തന്ത്രങ്ങൾക്ക് മുന്നിൽ ഇൻഡ്യ വളരെ പിറകിലായി പോകുന്നുവെന്നും ചർച്ചയിലുയർന്നു. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന സൂചന വന്നതോടെയാണ് വേഗത കൂട്ടുന്നത്. 28 പാർട്ടികളിൽനിന്നായി 63 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. മഹാരാഷ്ട്രയിലെ കർഷക പാർട്ടികളായ പി.ഡബ്ല്യു.പി, സ്വാഭിമാൻ ശേത്കാരി സംഘടനകളാണ് സഖ്യത്തിൽ പുതുതായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.