ന്യൂഡൽഹി: പാർലമെന്റിൽ 146 പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ അരങ്ങേറി. ഡൽഹി ജന്തർ മന്തറിൽ ‘ജനാധിപത്യം സംരക്ഷിക്കൂ’ എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേതൃത്വം നൽകി.
വിവിധ ഘടകകക്ഷി നേതാക്കളായ ശരത് പവാർ (എൻ.സി.പി), രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം), ഡി. രാജ (സി.പി.ഐ), രാംനാഥ് ഠാക്കൂർ (ജനതാദൾ -യു), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം), മനോജ് ഝാ (ആർ.ജെ.ഡി), സുശീൽ കുമാർ റിങ്കു (ആം ആദ്മി പാർട്ടി) തുടങ്ങിയവരും സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരും പങ്കെടുത്തു.
ഭരണഘടനാ പദവിയിലിരുന്നാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ നിലവിളിക്കുന്നതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ഭരണഘടന പ്രകാരം എല്ലാവർക്കും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ ഒരു നോട്ടീസ് നൽകിയാൽ അത് വായിക്കാൻപോലും തങ്ങളെ അനുവദിക്കുന്നില്ല. എന്നിട്ട് ജാതി പറയുകയാണ്. ദലിതനായത് കൊണ്ടാണ് ബി.ജെ.പി സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതെന്ന് തനിക്ക് പറയാമോ എന്ന് ഖാർഗെ ചോദിച്ചു.
ചില യുവാക്കൾ പാർലമെന്റിൽ കടന്ന് പുകയുണ്ടാക്കിയപ്പോൾ ബി.ജെ.പി എം.പിമാർ പേടിച്ചോടിയെന്നും അവരുടെ കാറ്റുപോയെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. പാർലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചർച്ചയിൽ അത്തരമൊരു നടപടിക്ക് യുവാക്കളെ പ്രേരിപ്പിച്ചത് തൊഴിലില്ലായ്മയാണെന്ന കാര്യംകൂടി ഓർക്കണം. സുരക്ഷാവീഴ്ച സംബന്ധിച്ച ചോദ്യം അതിലുണ്ട്. എന്നാൽ, അവരെന്തുകൊണ്ട് ഇത്തരത്തിൽ പ്രതിഷേധിച്ചുവെന്നതും ചോദ്യമാണ്. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മാധ്യമങ്ങൾ മിണ്ടുന്നില്ല.
എന്നാൽ, സസ്പെൻഷനിലായ എം.പിമാർ പാർലമെന്റിന് പുറത്തിരിക്കുമ്പോൾ താൻ വിഡിയോ ചിത്രീകരിക്കുന്നതിനെക്കുറിച്ച് അവർ സംസാരിക്കുന്നെന്നും രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ പ്രസ്താവന നടത്തണമെന്നും അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രമോദ് സിംഹയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് 146 എം.പിമാരെയാണ് പാർലമെന്റിന്റെ ഇരുസഭകളിൽനിന്നും സസ്പെൻഡ് ചെയ്തത്. ലോക്സഭയിൽനിന്ന് 100 ഉം രാജ്യസഭയിൽനിന്ന് 46ഉം പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.