ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിൽ ദ്വിരാഷ്ട്രമെന്ന ദീർഘകാല നിലപാടിൽ തന്നെ ഇന്ത്യ ഉറച്ചുനിൽക്കുന്നതായി ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. റഫയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടുക്കുരുതി ഹൃദയഭേദകമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡും നോർവേയും സ്പെയിനും ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനും ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തിനുമുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയും രൺധീർ എടുത്തുപറഞ്ഞു. ‘നിങ്ങൾക്കറിയാവുന്നതുപോലെ, 1980കളുടെ അവസാനത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, ഇസ്രായേലിനോട് ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുന്ന, അംഗീകൃതവും പരസ്പര സമ്മതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാരവും സ്വതന്ത്രവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ ദീർഘകാലമായി പിന്തുണക്കുന്നു’ -രൺധീർ പതിവ് വാരാന്ത്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റഫയിൽ സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. റഫയിൽ തമ്പടിച്ചിരിക്കുന്ന സിവിലിയന്മാരുടെ ഹൃദയഭേദകമായ മരണം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലെ സംഘർഷത്തിൽ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പുവരുത്താനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാനും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് രൺധീർ കൂട്ടിച്ചേർത്തു. രാജ്യാന്തര സമൂഹത്തെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും മനുഷ്യാവകാശ സംഘടനകളെയും വെല്ലുവിളിച്ച് റഫയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടുക്കുരുതിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദക്ഷിണ റഫയിൽ അഭയാർഥികളുടെ തമ്പിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 45 പേർ കൊല്ലപ്പെട്ടിരുന്നു. തമ്പിലുണ്ടായ ആക്രമണം ദുരന്തപൂർണമായ പിഴവാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെ സമ്മതിച്ചിരുന്നു. അന്താരാഷ്ട്ര സമ്മർദം ശക്തമാകുമ്പോഴും റഫ ആക്രമണവുമായി ഇസ്രായേൽ മുന്നോട്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.