ഭീകരത: ഇന്ത്യ–ചൈന ഉന്നതതല ചര്‍ച്ച തുടരും

ന്യൂഡല്‍ഹി: ഭീകരതയെ നേരിടുന്നതില്‍ ഇന്ത്യ-ചൈന ഉന്നതതല ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് യാങ് ജിയ്ച്ചിയും ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയത്തില്‍ തീരുമാനമുണ്ടായതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ആണവ ഉപകരണ ദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗത്വത്തിനും ഐക്യരാഷ്ട്ര സഭയില്‍, മസ്ഊദ് അസ്ഹറിനെ ഭീകരവാദിയായി  പ്രഖ്യാപിക്കണമെന്ന  ഇന്ത്യയുടെ ആവശ്യത്തിനും ചൈന പിന്തുണ നല്‍കുമോയെന്നതില്‍ പ്രസ്താവന മൗനം പാലിക്കുകയാണ്.  

അന്താരാഷ്ട്ര സമൂഹത്തിന് ഏറ്റവും സമ്മര്‍ദമുണ്ടാക്കുന്ന വെല്ലുവിളിയായ ഭീകരത വിഷയത്തില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ചിന്തിക്കുന്നുവെന്നതിന്‍െറ വ്യക്തമായ തെളിവാണ് അടുത്തിടെ  നടക്കാനിരിക്കുന്ന ഇന്ത്യ-ചൈന ഉന്നതതല ഭീകരത വിരുദ്ധ സമ്മേളനമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ പോയതും ബ്രിക്സ് ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഗോവയില്‍ വന്നതുമടക്കമുള്ള കാര്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്താന്‍ ഉതകുന്നതായിരുന്നു.

 അതിര്‍ത്തി സംബന്ധിച്ച 20ാം വട്ട പ്രത്യേക പ്രതിനിധി ചര്‍ച്ച അടുത്തവര്‍ഷം ഇന്ത്യയില്‍ നടത്തും. തുറന്നതും സൗഹാര്‍ദപരവുമായ ചര്‍ച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള ദേശീയ, അന്തര്‍ദേശീയ, മേഖലാതല വിഷയങ്ങള്‍ ചര്‍ച്ചയായതായും വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. രണ്ടുമാസത്തിനിടെ യാങ്ങിന്‍െറ മൂന്നാം ഇന്ത്യ സന്ദര്‍ശനമാണിത്.

Tags:    
News Summary - india china talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.