ന്യൂഡൽഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്. ഇതിനായി 31 അംഗ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ബുധനാഴ്ച പട്നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകൾക്ക് മുന്നിൽ പ്രതിഷേധിക്കും. വിവിധ സംസ്ഥാനങ്ങളിൽ ധർണയടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു. പട്നയിൽ മാർച്ച് 26നും വിജയവാഡയിൽ മാർച്ച് 29നും പ്രതിഷേധ പരിപാടികൾ നടക്കും. ജെ.ഡി(യു), ടി.ഡി.പി, വൈ.എസ്.ആർ പാർട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ, ജോയൻറ് പാർലമെൻററി കമ്മിറ്റിയിലെ (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളെയും ധർണ സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഡോ. എസ്.ക്യു.ആർ. ഇല്യാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വരും ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടക്കും. ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ബംഗളൂരു, മലേർകോട്ല, റാഞ്ചി എന്നീ നഗരങ്ങളിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി റാലികളും സംഘടിപ്പിക്കും. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും വിവിധ ഹാഷ്ടാഗുകളിൽ പ്രതിഷേധ കാമ്പയിൻ നടക്കും. ജില്ലതലങ്ങളിൽ ധർണക്ക് പുറമെ പൊതുസമ്മേളനങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവയും സംഘടിപ്പിക്കും. വിഷയം ഉന്നയിച്ച് ജില്ല മജിസ്ട്രേറ്റുമാർ വഴി രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നൽകുമെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ അറിയിച്ചു.
വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം ഡൽഹി ജന്തർ മന്തറിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് ധർണയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.