ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വിഷമഘട്ടം മറികടക്കാൻ പ്രധാനമന്ത്രിക്കും സംഘത്തിനും തനിച്ചു കഴിയില്ലെന്നും പ്രതിപക്ഷത്തെ പ്രഗല്ഭരുടെ സഹായം സർക്കാർ തേടണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസർവ് ബാങ്ക് മുൻ ഗവർണറുമായ രഘുറാം രാജൻ. കഴിവുള്ളവർക്ക് ഇന്ത്യയിൽ ക്ഷാമമില്ല. കഴിവുറ്റവരുടെ സേവനം സർക്കാർ തേടണം. ബി.ജെ.പിയിൽ തന്നെ കഴിവുതെളിയിച്ച മുൻ ധനമന്ത്രിമാരുണ്ട്. അവരുെട ഉപദേശം ചെവിക്കൊള്ളണം. രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മുന്നോട്ടുള്ള പോക്കിന് തടസ്സമാകരുത്. കരൺ ഥാപ്പറുമായി ‘ദ വയറി’ൽ നടത്തിയ അഭിമുഖത്തിലാണ് രഘുറാം രാജൻ ഇത് പറഞ്ഞത്.
വൈറസിനെ നേരിടുന്ന പോലെ പ്രധാനമാണ് സമ്പദ്രംഗത്തെ പുനരുജ്ജീവനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് വരുംമുേമ്പ ഇന്ത്യൻ സമ്പദ്വ്യവസ്ഥ തളരുകയായിരുന്നു. ഉത്തേജനം ഏതുവിധത്തിലാണ് വേണ്ടതെന്ന് കൃത്യമായ ധാരണ വേണം. വെറുതെ പണം ഇറക്കിയാൽ ചോർന്നുപോകുന്നത് അറിയില്ല. തമോഗർത്തങ്ങൾ അടക്കണം. യാഥാർഥ്യ ബോധത്തോടെയുള്ള സമീപനം വേണം. അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്ക് അടിയന്തരമായി പണം നൽകണം. റേഷനരി നൽകിയതുകൊണ്ടു മാത്രം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. പച്ചക്കറിയും പാചകത്തിനുള്ള എണ്ണയുമൊക്കെ വാങ്ങാൻ ആളുകൾക്ക് പണം വേണം. അതിന് നേരിട്ട് കിട്ടണം. 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ വലിയ തുകയൊന്നും ഇതിന് യഥാർഥത്തിൽ വേണ്ടിവരില്ല.
കൂടുതൽ വായ്പ ലഭ്യമാക്കിയതുകൊണ്ടായില്ല. ഇപ്പോൾ തന്നെ സംരംഭകർ കടത്തിലാണ്. അവരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം കിട്ടുെമന്ന് ആലോചിക്കേണ്ടതുണ്ട്. നേരത്തേ ഈ മേഖലയിൽ നൽകിയ വായ്പകൾ അധികവും കിട്ടാക്കടമായി മാറുകയാണ് ചെയ്തത്. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്ന വിധം ഡിമാൻഡ് കൂട്ടാനാണ് സർക്കാർ ഇടപെടൽ വേണ്ടത്. തൊഴിൽ നിയമ പരിഷ്കരണങ്ങൾ എല്ലാവരെയും വിശ്വാസത്തിലെടുത്താകണം. തൊഴിലാളികൾക്കും സംരംഭകർക്കും ഒരുപോലെ പ്രയോജനകരമാവുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കേണ്ടത്.
ഏകപക്ഷീയമായി തൊഴിൽ നിയമങ്ങൾ തിരുത്തരുത്. നിയമങ്ങൾ ഇടക്കിടെ മാറ്റുന്നത് ആർക്കും ഗുണം ചെയ്യില്ല. അടുത്ത മൂന്നു വർഷങ്ങൾക്കുശേഷം നിയമം മാറിയെന്നുവരാം എന്ന് നിക്ഷേപകർ ചിന്തിക്കുന്ന സാഹചര്യം നന്നല്ല. ചെയ്യേണ്ടത് ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ ഇന്ത്യൻ സാമ്പത്തിക ഭാവി കടുത്ത അനിശ്ചിതത്വത്തിലാകുമെന്നും പഴയ പ്രതാപത്തിെൻറ നിഴൽ മാത്രമായിരിക്കും കാണുകയെന്നും രഘുറാം രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.