പട്ന: ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ വിപ്ലവത്തിന് ശേഷം 1977ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബി.ജെ.പി ബിഹാർ അധ്യക്ഷൻ സാമ്രാട്ട് ചൗധരി. 1947ൽ ബ്രിട്ടീഷുകാർ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാർക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മൾ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യന്‍റെയും പിൻഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോസ്വാമി തുളസീദാസിന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"രാജ്യത്തിന് 1947ൽ സ്വാതന്ത്രം ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ബ്രിട്ടീഷുകാർ രാജ്യം വിട്ട് പുതിയ ബ്രിട്ടീഷുകാർക്ക് ചുമതല നൽകിയതിനാൽ അതിനെ യഥാർത്ഥ സ്വാതന്ത്ര്യമെന്ന് വിലയിരുത്താൻ എനിക്ക് പ്രയാസമുണ്ട്. ജയപ്രകാശ് നാരായണൻ ആരംഭിച്ച സമ്പൂർണ ക്രാന്തിക്ക് (സമ്പൂർണ വിപ്ലവം) ശേഷം പുതിയ സർക്കാർ രൂപീകരിച്ച 1977ലാണ് ഇന്ത്യക്ക് പൂർണമായും സ്വാതന്ത്ര്യം ലഭിച്ചത്. എന്നെ സംബന്ധിച്ച് ബ്രാഹ്മണർ പണ്ട് കാലത്ത് ശ്രേഷ്ഠരായിരുന്നു. ഭാവിയിലും അവർ ശ്രേഷ്ഠരായി തന്നെ തുടരും. നമ്മൾ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യയുടെയും പിൻഗാമികളാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ ശേഷം മാത്രമേ എന്‍റെ തലക്കെട്ട് അഴിക്കുകയുള്ളൂവെന്ന് ഞാൻ പ്രതിജ്ഞ ചെയ്തിട്ടുണ്ട്" - അദ്ദേഹം പറഞ്ഞു. അടിയന്താരവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സർക്കാരിനെ താഴെയിറക്കുകയും 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിലെത്തുകയുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചൗധരിയുടെ പരാമർശം.
വികസനത്തിന്‍റെ കാര്യത്തിൽ ഉത്തർപ്രദേശ് ഒരുപാട് മുന്നോട്ട് പോയെന്നും യോഗി ആദിത്യനാഥിന്‍റെ ഭരണത്തിന് കീഴിൽ വാർഷിക ബജറ്റ് ബിഹാറിനെ അപേക്ഷിച്ച് 14 മടങ്ങ് കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.